ഇടുക്കി: മുല്ലപ്പെരിയാറിലെ വിവാദ മരമുറി ഉത്തരവില്‍ വിശദീകരണം തേടാന്‍ സര്‍ക്കാര്‍. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സർക്കാർ വിശദീകരണം തേടുക. യോഗം ചേരാനുണ്ടായ കാരണം ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കാനാണ് നിര്‍ദേശം. ജലവിഭവവകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനിച്ചെന്നാണ് വനംവകുപ്പ് നിലപാട്.
ഉത്തരവിറക്കിയതില്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുക. ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സര്‍ക്കാരിന് നല്‍കിയ വിശദീകരണം.
ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിച്ചുമാറ്റാന്‍ തമിഴ്‌നാടിന് നല്‍കിയ അനുമതി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് മരവിപ്പിച്ചത്. പുതിയ ഉത്തരവ് തമിഴ്‌നാടിന് കൈമാറും. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവവര്‍ക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.