മഞ്ജുവാര്യരും(manju warrier) ജയസൂര്യയും(jayasurya) ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ'(Meri Awas Suno). ജി.പ്രജേഷ് സെൻ(g prajesh sen) ആണ് സംവിധാനം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
‘കാറ്റത്തൊരു മൺകൂട്..കൂട്ടിന്നൊരു വെൺപ്രാവ് ..’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും മഞ്ജുവാര്യരും ഒരുമിച്ചുള്ള ഗാനം പുറത്തുവന്നപ്പോൾ തന്നെ ശ്രദ്ധനേടി കഴിഞ്ഞു.
പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിൻ രാജ് ആണ്. ബി. കെ. ഹരിനാരായണൻറേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം.ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാർഡിൻറെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് പുതിയ ഗാനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.