മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍സിബി സമന്‍സ് അയച്ചിരുന്നെങ്കിലും പനി ആയതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിനും ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹാജരാകാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിട്ടുണ്ട്.
സമീര്‍ വാംഖഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രഭാകര്‍ സെയിലിനെ ആദ്യമായാണ് എന്‍സിബി ചോദ്യം ചെയ്യുന്നത്. ആര്യനൊപ്പം പ്രതിപ്പട്ടികയിലുള്ള അര്‍ബാസ് മര്‍ച്ചന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ പിഴവ് പറ്റിയെന്ന പ്രാഥമിക കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം മുതല്‍ കേസ് അന്വേഷിക്കാമെന്ന തീരുമാനത്തിലാണ് സഞ്ജയ് സിംഗിൻ്റെ നേതൃത്വത്തിലുള്ള ഡല്‍ഹി എന്‍സിബി സംഘം.
കേസില്‍ ജാമ്യം കിട്ടിയ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ 30 നാണ് ജയില്‍ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകള്‍ നല്‍കിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.