ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാന്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി കേരളത്തോട് നിര്‍ദേശിച്ചിരുന്നു. അതേസമയം, 2017ല്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷയില്‍ സുപ്രീം കോടതി ഇത് വരെയും കേരളത്തിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങള്‍ മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 2017 മാര്‍ച്ച് ഒന്നിന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. 2017 മെയ് നാലിന് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് തമിഴ്നാടിന്റെ ഈ ആവശ്യത്തില്‍ കേരളത്തോട് നിലപാട് ആരാഞ്ഞു.2017 ജൂലൈയ്ക്ക് ശേഷം ഈ ആവശ്യം പിന്നീട് സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. മരങ്ങള്‍ മുറിക്കണം എന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് 2015-ല്‍ കേന്ദ്ര ജല കമ്മീഷന്‍ യോജിച്ചിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമ്മീഷന്‍ രണ്ട് മാസം മുമ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മേല്‍നോട്ട സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ മിനുട്ട്‌സ് അനുബന്ധമായി സമര്‍പ്പിച്ചിട്ടുണ്ട്. 2020 ജനുവരി 28-ന് ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പതിമൂന്നാമത് യോഗത്തില്‍ മരം മുറിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് കേരളത്തോട് ചെയര്‍മാന്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരം മുറി ഉത്തരവിനെ കുറിച്ച് വാർത്തകൾ വന്നതോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി അറിയിച്ചു.