തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തിവരുന്ന സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി സിഎഫ്എൽടിസികൾ നിർത്തലാക്കുന്നതുവരെ തുടരാൻ അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നത്.
കോവിഡ് വ്യാപനത്തോടനുബന്ധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ പ്രവർത്തികൾക്ക് നിയമിച്ചിട്ടുളള കരാർ ജീവനക്കാരെ കാലാവധി പൂർത്തിയായാൽ പോലും പ്രവൃത്തിയിൽ തുടരുവാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട സ്റ്റാഫ് നഴ്സുമാർക്ക് ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ടാണ് സിഎഫ്എൽടിസികൾ നിർത്തലാക്കുന്നതുവരെ ഇവരെ തുടരാൻ അനുവദിച്ച് ഉത്തരവിറക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.