മുംബൈ; ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ചോദ്യംചെയ്യലിന് ഹാജരാകണം എന്നത് ആര്യന്റെ ജാമ്യവ്യവസ്ഥകളില്‍ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആര്യന് പുറമേ മറ്റ് പ്രതികളായ അർബാസ് മെർച്ചന്റ്, അജിത് കുമാർ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരും എൻസിബി ഓഫീസിൽ ഹാജരായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് പുറമേ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
നിലവിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ആര്യനെതിരായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ കൂടി അന്വേഷണ ചുമതല പ്രത്യേക സംഘത്തിനാണ്. കഴിഞ്ഞ ദിവസമാണ് മുംബൈ എൻസിബിയിൽ നിന്നും പ്രത്യേക സംഘം കേസ് ഏറ്റെടുത്തത്. കേസിന്റെ ഗൗരവം പരിഗണിച്ചാണ് പ്രത്യേക സംഘം ഉണ്ടാക്കി അന്വേഷണം നടത്തുന്നത് എന്നാണ് എൻസിബി അറിയിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥൻ സജ്ഞയ് കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം.