ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. പ്രതിപക്ഷം ഇന്ത്യയുടെ പ്രതിച്ഛായയെ താറടിച്ചു കാണിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വാക്‌സിനേഷൻ പദ്ധതിയുടെ പേരിൽ രാജ്യാന്തരതലത്തിൽ ഇന്ത്യ പ്രശംസിക്കപ്പെടുമ്പോഴും അതിന്റെ ആരംഭകാലം മുതൽ പ്രതിപക്ഷം പരത്തിയ സന്ദേഹങ്ങളെ കുറിച്ച് ഓർക്കുന്നുണ്ടെന്ന് നിർമല പറഞ്ഞു. നൂറുകോടിയിലധികം ഡോസ് വാക്‌സിൻ വിപുലമായ ക്രമീകരണത്തിലൂടെ വിതരണം ചെയ്തതിന് രാജ്യാന്തരതലത്തിൽ ഇന്ത്യ പ്രശംസിക്കപ്പെടുകയാണ്. വാക്‌സിനേഷനും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 36,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീർ ഭീകരവാദത്തിൽനിന്ന് വികസനത്തിലേക്ക് നീങ്ങുകയാണെന്നും നിർമല പറഞ്ഞു. 2004-നും 2014-നും ഇടയിൽ, ജമ്മു കശ്മീരിൽ ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 2,081 പേർ കൊല്ലപ്പെട്ടിരുന്നെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. എന്നാൽ 2014-നും 2021 സെപ്റ്റംബറിനും ഇടയിൽ 239 സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായതെന്നും അവർ കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ സമാധാനം സ്ഥാപിക്കപ്പെട്ടു എന്നാണിത് കാണിക്കുന്നതെന്നും നിർമല പറഞ്ഞു.