മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നില്‍ ബി.ജെ.പി. നേതാവ് മോഹിത് കംബോജ് ആണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. ആര്യന്‍ ഖാന്‍ അറസ്റ്റിലായ കേസ് ‘തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട’ സംഭവമാണെന്നും ഇതിന് പിന്നിലെ സൂത്രധാരന്‍ മോഹിത് ആണെന്നും അദ്ദേഹം ആരോപിച്ചു.
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാന്‍ ടിക്കറ്റെടുത്തിരുന്നില്ല. അമീര്‍ ഫര്‍ണീച്ചര്‍വാലയും പ്രതീക് ഗാബയുമാണ് ആര്യനെ കപ്പലില്‍ കൊണ്ടുവന്നത്. ഇതൊരു തട്ടിക്കൊണ്ടുപോകലാണ്. സമീര്‍ വാംഖഡെയുടെ അടുത്തയാളും ബിജെപി നേതാവുമായ മോഹിത് ആണ് ഇതിനുപിന്നിലെ സൂത്രധാരന്‍. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്തതെന്നും മന്ത്രി ആരോപിച്ചു.
ആര്യന്‍ അറസ്റ്റിലായത് മുതല്‍ ഷാരൂഖ് ഖാന് നേരേ ഭീഷണികളുയര്‍ന്നു. പല ആരോപണങ്ങളിലും അദ്ദേഹത്തിന്റെ മാനേജറുടെ പേരടക്കം ഉയര്‍ന്നിട്ടും നടന്‍ ഇതുവരെ മിണ്ടിയിട്ടില്ല. മകനെ തട്ടിക്കൊണ്ടുപോയാല്‍ മോചനദ്രവ്യം നല്‍കുന്നത് കുറ്റമല്ല, അതിനാല്‍ ഷാരൂഖ് മുന്നോട്ടുവരണമെന്നും ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടു.