അമ്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ തന്നോടൊപ്പം മനുഷ്യച്ചങ്ങല തീർത്ത സി.പി.ഐ, സി.പി.എം നേതാക്കൾ ഇപ്പോൾ ലോബിയുമായി കൈകോർത്തിരിക്കുകയാണെന്ന് വി.എം. സുധീരൻ. പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി സംഘടിപ്പിച്ച കരിമണൽ ഖനന വിരുദ്ധ ജനകീയ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2002-04ൽ ആലപ്പുഴയിലെ കരിമണൽ ഖനന തീരുമാനത്തെ ജനം ഒറ്റക്കെട്ടായി പരാജയപ്പെടുത്തി. അന്ന് തന്നോടൊപ്പം മനുഷ്യച്ചങ്ങല പിടിക്കാൻ സി.പി.ഐ, സി.പി.എം പ്രസ്ഥാനങ്ങളുടെ സമുന്നത നേതാക്കൾ ഉണ്ടായിരുന്നു. ഇപ്പോൾ അവർ സമരത്തെ തകർക്കാൻ കരിമണൽ ഖനന ലോബിയുമായി കൈകോർത്ത് ഖനനവും സാമ്പത്തിക അഴിമതിയും നടത്തുന്നവരായി മാറി.
ഖനനത്തിൽ പ്രത്യക്ഷ അഴിമതി ഉണ്ടെന്ന് ലോകായുക്ത കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും സുധീരൻ പറഞ്ഞു.
മാത്യു വേളങ്ങാടൻ അധ്യക്ഷത വഹിച്ചു. കെ.കെ. രമ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സി.ആർ. നീലകണ്ഠൻ, ഡോ. പി. ഗീത ജയ്സൺ ജോസഫ്, എസ്. രാജീവൻ, എസ്. സുരേഷ് കുമാർ, ബി. ദിലീപൻ, ആർ. പാർഥസാരഥി വർമ, സുധിലാൽ തൃക്കുന്നപ്പുഴ, ബി.കെ. രാജഗോപാൽ, എസ്. സീതിലാൽ, ബി. ഭദ്രൻ, സൗഭാഗ്യകുമാരി, പി.ആർ. സതീശൻ എന്നിവർ സംസാരിച്ചു.