കണ്ണൂർ: കണ്ണൂരിൽ നിന്ന് ഒരു മാവോയിസ്റ്റ് (Maoist) പിടിയിൽ. തമിഴ്നാട് സ്വദേശിയായ രവി മുരുകേശനെയാണ് കേരള പൊലീസ് (kerala Police) കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിലമ്പൂർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത കേസിലാണ് രവി പിടിയിലായത്. മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിൽ 2017ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തണ്ടർബോൾട്ടും ആയുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേൽമുരുഗൻ, അജിത എന്നിവർ ഉൾപ്പെടെ 19 പേരാണ് കേസിലെ പ്രതികൾ. കേരള പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ എൻഐഎയ്ക്ക് കൈമാറി. എൻഐഎ സംഘം ഇയാളുമായി കൊച്ചിയിലേക്ക് പോയെന്നാണ് വിവരം.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളപട്ടണത്ത് വച്ചാണ് രവി പിടിയിലായതെന്ന് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പിടിയിലാകുമ്പോൾ ഇയാൾ മാവോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും പൊലീസ് പറയുന്നു. തൻ്റെ യഥാർത്ഥ പേര് രാഘവേന്ദ്രയെന്നാണെന്നാണ് ഇയാൾ പറഞ്ഞത്. പിടിയിലാകുമ്പോൾ രണ്ട് ആധാർ കാർഡുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഒരു വിശദാംശങ്ങളും പങ്ക് വയ്ക്കാൻ ഇയാൾ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. മാവോയിസ്റ്റുകൾക്കിടയിൽ രവി മുരുകേശ്, ഗൗതം എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.