ഷാര്‍ജ: ട്വന്റി 20 ലോകകപ്പില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 റണ്‍സിന് തോല്‍പ്പിച്ചിട്ടും ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 190 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് സെമിയിലെത്തി. ഓസ്‌ട്രേലിയയും സെമിയിലേക്ക് കടന്നു.
ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഒരേ പോയന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റ് പ്രോട്ടീസിന് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്യൂസന്‍ 94 റണ്‍സെടുത്തു. റബാദ ഹാട്രിക്കും നേടി. എന്നിട്ടും ടീമിന് വിജയം സ്വന്തമാക്കാനായില്ല.
190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. റോയ് 20ഉം ബ്ടലര്‍ 26ഉം റണ്‍സ് നേടി. 37 റണ്‍സ് എടുത്ത മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പ്രിട്ടോറിയസ്, ഷംസി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നോര്‍ക്യെ ഒരു വിക്കറ്റ് സ്വന്തമാക്കി
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. 60 പന്തുകളില്‍ നിന്ന് പുറത്താവാതെ 94 റണ്‍സെടുത്ത റാസ്സി വാന്‍ ഡെര്‍ ഡ്യൂസന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രവും മികച്ച പ്രകടനം പുറത്തെടുത്തു.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദും മോയിന്‍ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.