ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍നിന്നു ശരിയുത്തരം കണ്ടെത്തുന്ന തരത്തില്‍ ഒഎംആർ പരീക്ഷയാണ് നടക്കുക. നവംബർ ഒമ്പതിനകം വിദ്യാർഥികളുടെ റോൾ നമ്പർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് സിബിഎസ്ഇ അറിയിച്ചു. (CBSE)
പത്താം പരീക്ഷ 2021 നവംബർ 17-നും 12-ലെ പരീക്ഷ നവംബർ 16-നും ആരംഭിക്കും . പരീക്ഷാ സമയം 90 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ കണക്കിലെടുത്ത് 10.30ന് പകരം 11.30 മുതലായിരിക്കും പരീക്ഷ ആരംഭിക്കുക . ചോദ്യപേപ്പർ വായിക്കാൻ 15 മിനിറ്റിന് പകരം 20 മിനിറ്റ് നൽകും.
കാല ദൈർഘ്യം കുറയ്ക്കാനായി ഇത്തവണ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ അഫിലിയേറ്റഡ് സ്കൂളുകളിലും പരീക്ഷ നടത്തും. വിദ്യാർത്ഥികളുടെ സമയനഷ്ടം തടയാൻ പ്രധാന വിഷയങ്ങൾ ഗ്രൂപ്പ് ആക്കിയാണ് ഇത്തവണ പരീക്ഷ നടത്തുക.
പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും. ഉത്തരങ്ങൾ ഒഎംആർ ഷീറ്റിൽ പൂരിപ്പിക്കണം. ഒഎംആർ ഷീറ്റുകൾ സിബിഎസ്ഇ എല്ലാ വിഷയങ്ങൾക്കും പരീക്ഷാ കേന്ദ്രങ്ങളിൽ ഓൺലൈനായി അയയ്ക്കും.പരീക്ഷാ കേന്ദ്രങ്ങൾ എ-4 സൈസ് പേപ്പറിൽ ഒഎംആർ ഷീറ്റ് പ്രിന്റ് ചെയ്യണം . പരിശീലനത്തിനായി ഒഎംആർ ഷീറ്റിന്റെ പകർപ്പ് ഉടൻ സ്‌കൂളുകളിൽ എത്തിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഓഫ്‌ലൈനായി തന്നെ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു സിബിഎസ്ഇ.