കോട്ടയം: എം.ജി സർവകലാശാലയിലെ ദളിത് ഗവേഷക ദീപ പി മോഹന്‍റെ നിരാഹാര സമരവുമായി ബന്ധപെട്ട് ആരോപിതനായ അധ്യാപകനെതിരെ നടപടി. നാനോ സയൻസ് മേധാവി നന്ദകുമാറിനെ ചുമതലയിൽനിന്ന് നീക്കി. കേന്ദ്രത്തിന്റെ ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ച് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. നന്ദകുമാര്‍ വിദേശത്ത് ആയതിനാലാണ് ചുമതലയില്‍ നിന്ന് മാറ്റിയത് എന്നാണ് വിശദീകരണം.
എം ജി സർവകലാശാലയിൽ സമരം നടത്തുന്ന ദീപ പി മോഹനന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥിനിയുടെ പരാതി സർവകലാശാല എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോപണവിധേയനായ അദ്ധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ സർവകലാശാലയ്ക്കുള്ള തടസമെന്താണെന്നും മന്ത്രി ആരാഞ്ഞിരുന്നു.
അതേസമയം, നന്ദകുമാറിനെ നീക്കിയെന്ന ഉത്തരവ് ആളുകളെ പറ്റിക്കുന്നതാണെന്ന് ദീപ പ്രതികരിച്ചു. ഡയരക്ടർഷിപ്പ് വിസിയിലേക്ക് മാറ്റിയെന്നാണ് ഉത്തരവിൽ പറയുന്നത്. നാനോ സയൻസ് വിഭാഗത്തിൽനിന്ന് ഇയാളെ പൂർണമായി മാറ്റിയിട്ടില്ല. തന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ദീപ പറഞ്ഞു.