അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ഇന്ത്യോനേഷ്യൻ പ്രസിഡണ്ട് ജോക്കോ വിഡോഡോ ഇന്തോനേഷ്യൻ സർക്കാരിൻ്റെ ഉന്നത ബഹുമതി യൂസഫലിക്ക് നൽകി ആദരിച്ചത്. ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്ത്യോനേഷ്യയിലെ യു.എ.ഇ. സ്ഥാനപതി അബ്ദുള്ള അൽ ദാഹിരി, യു.എ.ഇ. യിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്തോനേഷ്യയിലെ വാണിജ്യ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ലുലു ഗ്രൂപ്പിനുള്ളത്. 3,000 കോടി (500 മില്യൺ ഡോളർ) രൂപയാണ് ഇന്തോനേഷ്യയിൽ ലുലുവിനുള്ള നിക്ഷേപം. 350 കോടി രൂപ മുതൽ മുടക്കിൽ ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.