കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’യുടെ തെലുങ്ക് ഉൾപ്പെടെയുള്ള അന്യഭാഷാ റീമേക്കുകൾക്കുള്ള വിലക്ക് ഹൈക്കോടതി പിൻവലിച്ചു. സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാൾ എറണാകുളം ജില്ലാ കോടതിയിൽ നൽകിയ ഹർജിയിൽ കപ്പേളയുടെ അന്യഭാഷാ റീമേക്കുകൾക്ക് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
2020ൽ ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വിറ്റുപോയിരുന്നു. അതിനുശേഷം ചിത്രത്തിനു കൂടുതൽ പുരസ്‌കാരങ്ങൾ ലഭിക്കുകയും തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുവാനുള്ള ചർച്ചകൾ നടക്കുകയും ചെയ്തു. വീണ്ടും ഒരുവർഷത്തിനു ശേഷമാണ് തനിക്കും ഈ ചിത്രത്തിന്റെ തിരക്കഥയിൽ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ് എന്ന വ്യക്തി എത്തിയത്.
അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ രീതിയിലുള്ള പ്രശംസ നേടിയിരുന്നു. തീയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗൺ മൂലം തീയേറ്ററിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുന്നത്.
വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ധാരാളം പുരസ്‌കാരങ്ങളും ‘കപ്പേള’യെ തേടിയെത്തുകയും ചെയ്തിരുന്നു. ചിത്രത്തിൽ അന്ന ബെന്നിന്റെ പ്രകടനത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സംവിധായകൻ മുഹമ്മദ് മുസ്തഫയ്ക്ക് മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.