മാറനല്ലൂർ : റോഡുപണിക്കുള്ള മണ്ണ് ഏലാ പ്രദേശത്തു കൊണ്ട് തള്ളുന്നുവെന്ന് മാറനല്ലൂർ കിസാൻ സഭ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു, തുടർന്ന് പ്രവർത്തകർ മണ്ണ് കൊണ്ടിടാൻ വന്ന ലോറി തടയുകയും ചെയ്തു.പഞ്ചായത്തിലെ വണ്ടന്നൂർ ഏലാ പ്രദേശത്താണ് മണ്ണ് നിക്ഷേപിക്കുന്നത്.
കാട്ടാക്കട- നെയ്യാറ്റിൻകര റോഡ് നവീകരണത്തിന്റെ ഭാഗമായാണ് മണ്ണ് കൊണ്ടിടുന്നത്. എന്നാൽ, റോഡുപണിക്കുവേണ്ടി ഉപയോഗിക്കുന്ന മണ്ണ് ഏലാ പ്രദേശത്തല്ലാതെ മറ്റ് എവിടെയെങ്കിലും ഇടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പുലർച്ചെ മുതൽ മണ്ണിടുന്നത് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സംഘടിച്ചെത്തി ലോറി തടയുകയായിരുന്നു. ഉച്ചയോടുകൂടി വില്ലേജ് അധികൃതർ സ്ഥലം സന്ദർശിക്കുകയും നിലവിൽ മണ്ണിടുന്ന പ്രദേശം കരഭൂമിയാണെന്ന് പരിശോധനയിൽ വ്യക്തമായെന്ന് അറിയിക്കുകയും ചെയ്തു.
നിലവിൽ മണ്ണിടുന്ന പ്രദേശം കരഭൂമിയും ഏലാ പ്രദേശവും ചേർന്നതാണെന്നും നിക്ഷേപിച്ചിരിക്കുന്ന മണ്ണ് നിശ്ചിത സമയത്തിനുള്ളിൽ ലേലം ചെയ്ത് നൽകാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടായാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കിസാൻസഭാ പ്രവർത്തകരും പറഞ്ഞു.