ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ്എക്സിന് നാസയുടെ ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ടുള്ള കരാര്‍ നല്കിയതിനെതിരെയുള്ള കേസ് തള്ളി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ കമ്പനിയായായിരുന്നു കേസ് നല്‍കിയിരുന്നത്. 290 കോടി ഡോളറിന്റേതായിരുന്നു നാസയുടെ കരാര്‍. ഇരു കമ്പനികളുടെയും രഹസ്യങ്ങള്‍ ഉൾക്കൊള്ളുന്നതാണ് ഇത്.
യുഎസ് കോര്‍ട്സ് ഓഫ് ഫെഡറല്‍ ക്ലെയിംസ് ജഡ്ജി റിച്ചഡ് ഹാര്ട്ലിങ് ആണ് കേസ് സ്പേസ്എക്സിന് അനുകൂലമായി വിധിച്ചത്. എന്നാല്‍, വിധിയുടെ വിശദാംശങ്ങള്‍ കവറിനുള്ളില്‍ സീലു ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. . വിധിയെക്കുറിച്ചുള്ള വാര്‍ത്ത വന്ന് ഒട്ടും താമസിയാതെ മസ്ക് ട്വിറ്ററിലെത്തി ബെസോസിനെ കളിയാക്കുകയും ചെയ്തു. ‘താങ്കള്‍ വിധിക്കപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ബ്ലൂ ഒറിജിന്‍ ഈ വിധി അംഗീകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. പ്രധാനപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നാണ് കമ്പനി വിധിയോട് പ്രതികരിച്ചത്. നാസ സ്പേസ്എക്സിന് കരാര്‍ നല്‍കിയത് നീതിപൂര്‍വകമല്ല എന്നു പറഞ്ഞാണ് ബ്ലൂ ഓറിജിന്‍ കോടതിയെ സമീപിച്ചിരുന്നത്. മനുഷ്യരെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള ദൗത്യത്തിനായി സ്വകാര്യ കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ് നാസ.
ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ആസ്വദിക്കാന്‍ 2.8 കോടി ഡോളര്‍ വരെയാണ് നല്‍കേണ്ടത്. അത്രയും പണം നല്കി പറക്കാന്‍ ഒരുക്കമല്ലെന്ന് ശതകോടീശ്വരനും ഹോളിവുഡ് നടനുമായ ടോം ഹാങ്ക്സ് ജിമ്മി കിമെല്‍ ലൈവ് ഷോയ്ക്കിടയില്‍ പറഞ്ഞു. തനിക്ക് ധാരാളം പണമൊക്കെയുണ്ട്. എന്നാല്‍, 12 മിനിറ്റു നേരത്തേക്ക് പറക്കാന്‍ 2.8 കോടി ഡോളര്‍ നല്‍കുക എന്നു പറഞ്ഞാല്‍ അത് വളരെ ചെലവേറിയതാണ് എന്നാണ് ഹാങ്ക്സ് പറഞ്ഞത്.
ഇന്ത്യയില്‍ നിന്ന് ഇതുവരെ 5000 ലേറെ പ്രീ ഓര്‍ഡറുകള്‍ ലഭിച്ചു എന്നാണ് സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്നത്. ഇതിന് സ്റ്റാര്‍ലിങ്ക് വാങ്ങുന്നത് 99 ഡോളര്‍ ( ഏകദേശം 7,350 രൂപ) ആണ്. ബീറ്റാ ഘട്ടത്തില്‍ നല്കുമെന്നു പറയുന്ന ഡേറ്റാ സ്പീഡ് സെക്കന്‍ഡിൽ 50-150 എംബി ആണ്. 10 ഗ്രാമീണ ലോക്സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ് സ്റ്റാര്‍ലിങ്ക് നേരത്തെ പറഞ്ഞിരുന്നത്. അതേസമയം, തങ്ങള്‍ എല്ലാ കമ്പനികളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഭാര്‍ഗവ പറയുന്നു. സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് ടെര്‍മിനലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തത്കാലം അത്തരം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും ഭാര്‍ഗവ പറഞ്ഞു.
ഇലോൺ മസ്കിന്റെ സ്പേസ്എക്സിനു കീഴിലുള്ള സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് വിതരണത്തിന് ഇന്ത്യയില്‍ മറ്റു കമ്പനികളുമായുള്ള സഹകരണ സാധ്യത തേടുന്നു. ഇന്ത്യന്‍ ടെലികോം കമ്പനികളുമായി സഹകരിച്ച് ഇന്റര്‍നെറ്റ് വിതരണം ചെയ്യാനുള്ള സാധ്യതയാണ് പഠിക്കുന്നത്. ഗ്രാമീണ മേഖലയ്ക്കായിരിക്കും പ്രാധാന്യം നല്‍കുക. നീതി ആയോഗ് ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് നല്കാന് ഉദ്ദേശിക്കുന്ന 12 ജില്ലകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ തങ്ങളുമായി സഹകരിക്കാന്‍ സാധ്യതയുള്ള സേവനദാതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് സ്റ്റാര്‍ലിങ്ക് കണ്ട്രി ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ് പിടിഐക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് മേഖലയിലും മസ്ക്-ബെസോസ് പോരാട്ടം നടക്കുന്നുണ്ട്. ബെസോസിന്റെ കുയിപ്പര്‍ സിസ്റ്റംസ് എന്ന കമ്പനിയാണ് സ്റ്റാര്‍ലിങ്കുമായി ഏറ്റുമുട്ടുന്നത്. അതേസമയം, സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിതരണത്തില്‍ മസ്കിനെ വെല്ലുവിളിക്കണമെങ്കില്‍ കുയിപ്പര്‍ സിസ്റ്റത്തിന് ഇപ്പോള്‍ ഏകദേശം 4,538 ലോ എര്ത് ഓര്‍ബിറ്റ് ( ലിയോ) സാറ്റലൈറ്റുകള്‍ കൂടി വേണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഏകദേശം 30,000 ലിയോ സാറ്റലൈറ്റുകള്‍ കൂടി വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്.
ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോയുടെ മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും കുടുംബവും രാജ്യം വിടുന്നു എന്നു തരത്തിലുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് കമ്പനി രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് റിലയന്‍സ് അറിയിച്ചത്. തങ്ങളുടെ ചെയര്‍മാനും കുടുംബത്തിനും ലണ്ടനിലേക്കോ, ലോകത്ത് മറ്റെവിടേക്കെങ്കിലുമോ മാറി താമസിക്കാനുള്ള ഉദ്ദേശമില്ലെന്നാണ് കമ്പനി അറിയിച്ചത്. കമ്പനി ലണ്ടനിലെ സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ക്കെതിരെയാണ് കമ്പനി രംഗത്തെത്തിയത്.
കമ്പനിയുടെ പേര് മെറ്റാ എന്നാക്കി മാറ്റുകയാണെന്ന് ഫെയ്സ്ബുക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫെയ്സ്ബുക് ആപ്പിന്റെ പേര് മെറ്റാ എന്നാക്കി മാറ്റിയിട്ടില്ലെങ്കിലും മെറ്റാ എന്ന പേരിനു കീഴിലായിരിക്കും ഫെയ്സ്ബുക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ തുടങ്ങിയ ആപ്പുകളും ഇനി വരിക എന്നു വാര്‍ത്തകള്‍ പറയുന്നു. ഈ മാറ്റം പല ആപ്പുകളിലും കണ്ടു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അരിസോണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെറ്റാ പിസി, ‘മെറ്റാ’ വാണിജ്യ ചിഹ്നത്തിനായി ഫെയ്സ്ബുക്കിനെക്കാള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു എന്ന് അവകാശപ്പെട്ടു രംഗത്തെത്തി. എന്നാല്‍, 20 ദശലക്ഷം ഡോളര്‍ കൊടുത്താല്‍ മെറ്റാ പേര് ഫെയ്സ്ബുക്കിന് കൊടുക്കാന്‍ തയാറാണെന്നും മെറ്റാ പിസി അറിയിച്ചു.
മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു നിർത്തുകയാണെന്ന് ഫെയ്സ്ബുക് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാലിപ്പോള്‍, ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായി മെറ്റാ പറയുന്നത് മുഖം തിരിച്ചറിയല്‍ സിസ്റ്റം തങ്ങള്‍ ഉപയോഗിക്കുമെന്നാണ് എന്ന് റെകോഡ് (Recode) റിപ്പോര്‍ട്ടു ചെയ്യുന്നു. ആളുകളുടെ സ്വകാര്യത നിലനിര്‍ത്തി മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ് മെറ്റാ വക്താവ് ജാസണ്‍ ഗ്രൊസെ പറഞ്ഞത്.