മറയൂർ :മഴയ്ക്കു പിന്നാലെ ഒഴുകിയിറങ്ങിയ കോടമഞ്ഞില്‍ കുളിച്ച മറയൂരിന്റെ ഭംഗിയില്‍ മനംമയങ്ങി സഞ്ചാരികള്‍ എത്തുകയാണ്. കോടമഞ്ഞിറങ്ങിയതോടെ റോഡിലൂടെ വാഹനങ്ങള്‍ക്ക് നീങ്ങാന്‍ ബുദ്ധിമുട്ടായി.അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും ഉള്ള സഞ്ചാരികളിൽ അധികവും എത്തുന്നതും ഈ റോഡ് വഴിയിലൂടെയാണ് മൂന്നാറിലേക്ക് പോകുന്നതും.
തിരക്കേറിയ സമയമായതിനാല്‍ വാഹനങ്ങള്‍ പതിയെ നീങ്ങിയത് ബ്ലോക്കുണ്ടാക്കി.
രാവിലെ വെയില് ഉണ്ടായിരുന്നെങ്കിലും ഉച്ചയോടെ നല്ല മഴയും പിന്നാലെ മഞ്ഞുമെത്തി. ദീപാവലി അവധിക്കായി കുടുംബത്തോടെ മറയൂരില്‍ എത്തിയ ആളുകള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂരിലേക്ക് മൂന്നാറില്‍ നിന്നും വെറും 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ട്രെക്കിങ്ങും വനയാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് മറയൂര്‍. പ്രകൃതിദത്തമായ ചന്ദനക്കാടുകള്‍ കാണപ്പെടുന്ന കേരളത്തിലെ ഒരേയൊരു സ്ഥലമാണ് ഇവിടം.
ഏകദേശം 65,000ത്തോളം ചന്ദനമരങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ലോക പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയും ഇവിടെയുള്ള കരിമ്പിന് തോട്ടങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. 1,500 ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കരിമ്പു തോട്ടങ്ങള്‍ ഇവിടെ കാണാം.
കൂടാതെ, വനംവകുപ്പ് നടത്തുന്ന സാന്ഡല് വുഡ് ഫാക്ടറിയും ആനമുടി മലനിരകളില്‍ നിന്നൊഴുകി വന്ന് മറയൂർ, കാന്തല്ലൂർ ഗ്രാമങ്ങൾകക്കിടയിലൂടെ ഒഴുകുന്ന പാമ്പാറിന്റെ അതിമനോഹരമായ ദൃശ്യവും തേയിലത്തോട്ടങ്ങളുടെ കാഴ്ചയുമെല്ലാമുണ്ട്.
=====================================================
വാർത്തകൾ യഥാസമയം അറിയാൻ…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm