ന്യൂഡെല്‍ഹി: കണക്കിന്റെ കളികളെ ഉള്ളംകയ്യില്‍ കൊണ്ട് നടന്ന് മനുഷ്യകംപ്യൂടറെന്ന വിശേഷണം സ്വന്തമാക്കിയ, ശകുന്തള ദേവിയുടെ 92-ാം ജന്മദിനമാണ് ഇന്ന്.അക്കങ്ങള്‍ പോലും അത്ഭുതത്തോടെ നോക്കിയ ശകുന്തള ദേവിയെന്ന ഇന്‍ഡ്യന്‍ പ്രതിഭ.ശകുന്തള ദേവി മണ്‍മറഞ്ഞുപോയിട്ട് എട്ട് വര്‍ഷം.
പിതാവിനൊപ്പം ചീട്ടിലെ വിദ്യകള്‍ കണക്കുകൂട്ടി മന:പാഠമാക്കിയാണ് ശകുന്തള അക്കങ്ങളെ കൂട്ടുകാരാക്കിയത്. പിതാവ് തന്റെ മുന്നില്‍ നിരത്തിയ കാര്‍ഡുകളുടെ നമ്പറുകൾ ഒന്നില്ലാതെ മനഃപാഠമാക്കി അച്ഛനെ ഞെട്ടിച്ചുകളഞ്ഞവളാണ് ശകുന്തള. വിശേഷിച്ച് ഒരു ഔപചാരിക വിദ്യാഭ്യാസവും സിദ്ധിച്ചിട്ടില്ലാത്ത ശകുന്തള എന്ന കൊച്ചുമിടുക്കി, വളരെ സങ്കീര്‍ണമായ കണക്കുകള്‍ക്ക് നിമിഷനേരം കൊണ്ട് ഉത്തരം കണ്ടെത്തി ആളുകളെ അത്ഭുതപ്പെടുത്തുമായിരുന്നു.ഒരു ഇന്‍ഡ്യന്‍ ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയും മനകണക്കായി കണക്കുകള്‍ ചെയ്യുന്ന കാല്കുലേറ്ററുമായിരുന്ന ശകുന്തള 1929 നവംബര്‍ 4-നാണ് ജനിച്ചത്.
ആറാമത്തെ വയസിലായിരുന്നു അവരുടെ ആദ്യത്തെ പ്രധാന അകാഡെമിക് പ്രകടനം. മൈസൂര്‍ സര്‍വകലാശാലയില്‍ തടിച്ചുകൂടിയ ജനാവലിക്കുമുന്നില്‍ ശകുന്തള നടത്തിയ പ്രകടനം മാധ്യമശ്രദ്ധയാകര്‍ഷിച്ചു. അമ്പതുകളിലെ പര്യടനത്തിനു ശേഷം , അറുപതുകളില്‍ നാട്ടില്‍ തിരിച്ചെത്തിയ ശകുന്തളാ ദേവി, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനര്‍ജിയെ വിവാഹം കഴിച്ചു.
എന്നാല്‍, സ്വന്തം ജീവിതത്തില്‍ അവരുടെ ഉത്തരം മുട്ടിച്ച ഒരു ചോദ്യം, വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഉയര്‍ന്നു വന്നു. സ്വവര്‍ഗ ലൈംഗികതയെ ഒട്ടുംതന്നെ അംഗീകരിക്കാനാകാത്ത എഴുപതുകളിലാണ് തന്റെ ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗിയാണ് എന്ന സത്യം ശകുന്തളാദേവിക്കുമുന്നില്‍ അനാവൃതമാകുന്നത്. അതുമായി സമരസപ്പെടുക അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. അത് ദേവിയെ മാനസികമായി ഏറെ പിടിച്ചുലച്ചു. ഇതോടെ, സ്വവര്‍ഗാനുരാഗികളെപ്പറ്റി, അവരുടെ ജീവിതചര്യകളെപ്പറ്റി പഠിക്കാന്‍ ശകുന്തളാ ദേവി ശ്രമിച്ചു. ആ അനുഭവങ്ങളെ അവര്‍ പഠനങ്ങളാക്കി മാറ്റി.
ഈ വിഷയത്തെ ആസ്പദമാക്കി അവര്‍ 1977 -ല്‍ ഒരു പുസ്തകമെഴുതി. ‘ദ വേള്‍ഡ് ഓഫ് ഹോമോ സെക്ഷ്വല്സ്’. ആ പുസ്തകത്തിലൂടെ അവര്‍ സ്വവര്‍ഗാനുരാഗികള്‍ ഇന്‍ഡ്യയില്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ മുഖ്യധാരയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചു. ഇന്‍ഡ്യയിലെ സ്വവര്‍ഗ ലൈംഗികതയെപ്പറ്റി നടന്ന ആദ്യത്തെ സമഗ്രപഠനങ്ങളില്‍ ഒന്നാണ് ശകുന്തളാ ദേവിയുടെ ഈ പുസ്തകം.എന്നാല്‍, അധികം താമസിയാതെ, ബാനര്‍ജിയുമായുള്ള ശകുന്തളാ ദേവിയുടെ അസ്വാരസ്യങ്ങള്‍ വര്‍ധിച്ചുവന്നു. പുസ്തകമിറങ്ങി രണ്ടുവര്‍ഷങ്ങള്‍ക്കുളില്‍ അവര്‍ വിവാഹമോചിതരായി. അതിനുശേഷം ശകുന്തളാ ദേവി തന്റെ ശിഷ്ടജീവിതം ഗണിതശാസ്ത്രത്തിനായി ഉഴിഞ്ഞുവെച്ചു.
ഗണിതശാസ്ത്രപരമായ കഴിവുകള്‍ ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെകോര്‍ഡിന്റെ 1982 പതിപ്പില്‍ അവര്‍ ഇടം നേടി. ഒപ്പം ജനം അവരെ “ഹ്യൂമന്‍ കംപ്യൂടര്‍” എന്നും വിളിക്കാന്‍ തുടങ്ങി.2013 ഏപ്രില്‍ 21 -ന്
തന്റെ 83 -ാമത്തെ വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ ഈ ലോകത്തോട് വിട പറഞ്ഞു. 2013 -ല്‍ ശകുന്തളയുടെ ശതാഭിഷേകവര്‍ഷത്തില്‍ ഗൂഗിള്‍ ശകുന്തളാദേവിയുടെ ബഹുമാനാര്‍ത്ഥം ഒരു ഗൂഗിള്‍ ഡൂഡിള്‍ നല്കി ആദരിച്ചു.
ശകുന്തളയുടെ ജീവിതകഥയെ ആസ്പദമാക്കി ‘ശകുന്തളാ ദേവി – ഹ്യൂമന്‍ കംപ്യൂടര്‍’ എന്ന പേരില്‍ ഒരു സിനിമ നിര്‍മിച്ചു. വിദ്യാ ബാലന് അഭിനയിച്ച ഇത് 2020 ല്‍ പുറത്തിറങ്ങുകയും ചെയ്തു.