ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം (Vijay Sethupathi Attacked) നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു (Bengaluru) മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. സെൽഫിയെടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനം. മദ്യലഹരിയിലെത്തി ആക്രമിച്ചതെന്നാണ് വിവരം.
ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയ് സേതുപതിയും സഹായിയും സംഘവും ചെന്നൈയില്‍നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വന്നതായിരുന്നു സംഘം.
നടനും സംഘവും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍തന്നെ സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ജോണ്‍സണ്‍ അടുത്തേക്ക് ചെന്നു. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നടന്റെ സഹായി ഇയാളെ മാറ്റിനിര്‍ത്തി. തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി നടനും സംഘത്തിനും പിന്നാലെ വരികയും ആക്രമിക്കുകയുമായിരുന്നു. ഇയാളെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.