തിരുവനന്തപുരം;ലോകപ്രശസ്ത ചെണ്ടവിദഗ്ദ്ധൻ മട്ടന്നൂർ ശങ്കരൻകുട്ടി നയിക്കുന്ന ചെണ്ട ക്ലാസുകൾ കോവളം വെള്ളാറിലുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ആരംഭിച്ചു. ‘വാദ്യോപത’ എന്നു പേരിട്ടിരിക്കുന്ന ക്ലാസുകൾക്ക് കേരളപ്പിറവിനാളിൽ ശിഷ്യരുടെ കൈപിടിച്ച് ഗണപതിക്കൈ കൊട്ടിയാണ് തുടക്കം കുറിച്ചത്.
ആറുമാസംകൊണ്ട് തനിക്കൊപ്പം വേദി പങ്കിടുന്ന രീതിയിൽ ശിഷ്യരെ വാർത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് മട്ടന്നൂർ ശങ്കരൻകുട്ടി ക്ലാസ് ആരംഭിച്ചത്. മട്ടന്നൂരിന്റെ പ്രിയ ശിഷ്യരായ സത്യൻ ബാലുശ്ശേരി, കലാമണ്ഡലം സനൂപ്, മകൻ ശ്രീകാന്ത് മട്ടന്നൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. പരിപാടിയിൽ ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓപീസർ ടി.യു. ശ്രീപ്രസാദ്, ഓപ്പറേഷൻസ് മാനേജർ എം.ടി. അഭിജിത്ത് എന്നിവർ പങ്കെടുത്തു.ചെണ്ടവാദ്യപഠനപരിപാടിയിൽ 20 പേർ വീതമുള്ള രണ്ടു ബാച്ചുകളാണ് ഇപ്പോഴുള്ളത്. രണ്ടു ബാച്ചുകൂടി ഉടൻ തുടങ്ങും. അതിനുള്ള രജിസ്റ്റ്രേഷൻ അവസാനഘട്ടത്തിലാണ്. രാവിലെയും വൈകിട്ടുമായാണ് ബാച്ചുകൾ.