തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരട്ടെയെന്ന് കേന്ദ്രനേതൃത്വം. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി എല്‍ സന്തോഷ് ആണ് ഇക്കാര്യം ഭാരവാഹി യോഗത്തില്‍ പ്രഖ്യാപിച്ചത്. മണ്ഡലങ്ങള്‍ വിഭജിക്കാനും സംഘടന കൂടുതല്‍ സക്രിയമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കൃഷ്ണദാസ് പക്ഷം.
തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിതം കെ സുരേന്ദ്രന് മാത്രമല്ല, കൂട്ടായ ഉത്തരവാദിത്തമാണ് പാര്‍ട്ടിയെന്നും ബി എല്‍ സന്തോഷ് ഭാരവാഹി യോഗത്തില്‍ പറഞ്ഞു. കെ സുരേന്ദ്രന് കീഴില്‍ പാര്‍ട്ടി മുന്നോട്ടു പോകുമെന്നും എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ബി എല്‍ സന്തോഷിന് കത്തെഴുതിയ മുതിര്‍ന്ന നേതാവ് പി പി മുകുന്ദനും ഭാരവാഹിയോഗത്തില്‍ വിമര്‍ശനമുണ്ടായി. ഒരു മുതിര്‍ന്ന നേതാവ് തനിക്ക് എഴുതിയ കത്ത് മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി. അദ്ദേഹത്തിൻ്റെ ലക്ഷ്യം സംഘടനയുടെ വളര്‍ച്ചയല്ലെന്നും ബി എല്‍ സന്തോഷ് കുറ്റപ്പെടുത്തി.
എന്നാല്‍ ബി എല്‍ സന്തോഷിൻ്റെ പ്രഖ്യാപനത്തില്‍ കൃഷ്ണദാസ് പക്ഷം ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. സുരേന്ദ്രന്‍ തുടരട്ടെയെന്ന തീരുമാനം കൃഷ്ണദാസ് പക്ഷം അംഗീകരിച്ചിട്ടില്ല. എ എന്‍ രാധാകൃഷ്ണനെയും എം ടി രമേശിനെയും നേതൃയോഗത്തിലെത്തിക്കാനുള്ള നീക്കവും പാളി. കൃഷ്ണദാസ് പക്ഷത്ത് നിന്ന് ഒഴിവാക്കപ്പെട്ടവരെ ഭാരവാഹിത്വത്തില്‍ തിരിച്ചെത്തിക്കാനാണ് നീക്കം.
വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കറിന് ജില്ലയുടെ ചുമതല നല്‍കാനും തീരുമാനിച്ചു. സമഗ്ര അഴിച്ചുപണി ലക്ഷ്യംവെച്ചുള്ള ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ജില്ലാ പ്രഭാരിമാര്‍, പോഷക സംഘടന പ്രഭാരിമാര്‍ എന്നിവരെ മാറ്റി നിശ്ചയിച്ചു. പാര്‍ട്ടിയില്‍ അഴിച്ചുപണി ലക്ഷ്യം വെച്ചുള്ള നയപരിപാടികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇന്നലെ നടന്ന കോര്‍ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നീ നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ കലാപം തുടരുമെന്ന കൃത്യമായ സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe