തെക്കൻ കൊറിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പുതിയ കേന്ദ്രമായി മാറുന്നുണ്ടോ എന്ന ആശങ്ക പരത്തുന്നതാണ് ദക്ഷിണ കൊറിയൻ നീതിന്യായ മന്ത്രാലയം തിങ്കളാഴ്ച നടത്തിയ പ്രസ്താവന. ഉത്തര കൊറിയയയിലെ മനുഷ്യാവകാശ ലംഘനങ്ങൾ എല്ലായിപ്പോഴും ചർച്ചയാകുന്നത് ആണെങ്കിലും ദക്ഷിണ കൊറിയയുടെ കാര്യത്തിൽ ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം കിട്ടാറില്ല. അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും കുടിയേറ്റക്കാർ നേരെ തുടരുന്ന ലംഘനങ്ങൾ തന്നെയാണ് ഇപ്പോൾ തെക്കൻ കൊറിയയിൽ നിന്നും കേൾക്കുന്നത്.
ജൂണിൽ അനധികൃത കുടിയേറ്റക്കാർക്കായുള്ള തടങ്കൽ കേന്ദ്രത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി ക്ഷിണ കൊറിയൻ നീതിന്യായ മന്ത്രാലയം തിങ്കളാഴ്ച സമ്മതിച്ചു. തടങ്കൽ കേന്ദ്രത്തിലെ മൊറോക്കോയിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരൻ ദേശീയ മനുഷ്യാവകാശ നിരീക്ഷണ സംഘത്തിന് നൽകിയ ഹർജിയിലുള്ള അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവരുന്നത്. സിയോളിൽ നിന്ന് 40 കിലോമീറ്റർ തെക്ക് ഹ്വാസോങ്ങിലെ ഇമിഗ്രേഷൻ പ്രോസസ്സിംഗ് സെന്ററിൽ തടങ്കലിൽ വെച്ചിരിക്കുമ്പോഴാണ് ഇയാൾക്ക് മോശം അനുഭവം ഉണ്ടായത്. യോൻഹാപ്പ് ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തന്റെ കൈകാലുകൾ മുതുകിൽ വെച്ച് കെട്ടിയെന്ന് ഇയാൾ പറയുന്നു. ഒരു ചെമ്മീനിന്റെ ആകൃതിയിൽ തന്നെ കൂട്ടി കെട്ടിയ ശേഷം തന്നെയൊരു ഒറ്റപ്പെട്ട സെല്ലിലാക്കിയെന്ന് മൊറോക്കോ സ്വദേശിയായ കുടിയേറ്റക്കാരൻ പറയുന്നു.
മനുഷ്യാവകാശ നിരീക്ഷണ സംഘത്തിന്റെ അന്വേഷണത്തിൽ നാല് മണിക്കൂറിലധികം അദ്ദേഹത്തെ ഈ രീതിയിൽ കിടത്തിയതായി തെളിഞ്ഞു. തലയും മുഖവും മൂടി ബോക്സ് ടേപ്പും കേബിൾ ടൈയും ഉപയോഗിച്ച് അത് ഭീകരമായ രീതിയിൽ ഇയാളെ കെട്ടിയിട്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തി.
“ഒരു വസ്തുതാന്വേഷണത്തിലൂടെ, മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തി കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ ചോദ്യം ചെയ്യപ്പെട്ട വിദേശി സംരക്ഷണ ഗിയർ ഉപയോഗിച്ചിരുന്നു. ഇതിന് നിയമത്തിന്റെ പിൻബലമില്ല. ഇതാണ് പ്രശ്നങ്ങൾ സൃഷ്ട്ടിച്ചത്” – മന്ത്രാലയം അറിയിച്ചു. “സംരക്ഷിത ഗിയറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ “അപര്യാപ്തമായ” ധാരണയും വിദ്യാഭ്യാസകുറവുമാണ് പ്രശനങ്ങളിലേക്ക് എത്തിച്ചത്. അതുപോലെ തന്നെ കസ്റ്റഡിയിലുള്ള വിദേശികളെ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളുടെ അഭാവവുമാണ് ഇത്തരം ഒരു മനുഷ്യാവകാശ ലംഘനത്തിലേക്ക് എത്തിച്ചത്” – മന്ത്രാലയം വിശദീകരിച്ചു
സമാനമായ കേസുകൾ ആവർത്തിക്കാതിരിക്കാൻ, കസ്റ്റഡിയിലുള്ള വിദേശികൾക്ക് സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളും സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം തന്നെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. കുടിയേറ്റക്കാർക്ക് നേരെ ഏറെ മോശമായ രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും ഭയം കാരണം ഇതൊന്നും പുറത്തറിയുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ.