രാജ്യത്തെ ഞെട്ടിച്ച് മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ കന്നുകാലി കടത്തുകാരെന്ന് ആരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ നടപടിയുമായി ആസാം മനുഷ്യാവകാശ കമ്മീഷൻ. കൂട്ടക്കൊല ചെയ്ത സംഭവത്തിന്റെ അന്വേഷണത്തിന്റെ നിജസ്ഥിതി തേടി ആസാം മനുഷ്യാവകാശ കമ്മീഷൻ കരിംഗഞ്ച് ജില്ലയിലെ പോലീസ് സൂപ്രണ്ടിന് പുതിയ നോട്ടീസ് അയച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ അർധരാത്രിയാണ് ആൾക്കൂട്ടക്കൊല നടന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം അഭിഭാഷകൻ ബഗ്ലേക്കർ ആകാശ് കുമാർ നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. നേരത്തെ, ഈ കേസിന്റെ അന്വേഷണം കരിംഗഞ്ച് ജില്ലാ പോലീസ് പൂർത്തിയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, 2021 സെപ്റ്റംബർ 22 ലെ ഉത്തരവ് പ്രകാരം കമ്മീഷൻ, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കരിംഗഞ്ച് പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു.
നമ്മുടെ സമൂഹത്തിൽ ഒരു തരത്തിലുള്ള ആൾക്കൂട്ടക്കൊലയും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ടി.വൈഫേയ് അധ്യക്ഷനായ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. അത്തരം ഒരു കാര്യം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അല്ലാത്തപക്ഷം അത് മറ്റുള്ളവർക്ക് തെറ്റായ സൂചന നൽകുമെന്നും മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ, കേസിന്റെ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി 2021 നവംബർ 29-നോ അതിനുമുമ്പോ കമ്മീഷനിൽ സമർപ്പിക്കാൻ കരിംഗഞ്ച് പോലീസ് സൂപ്രണ്ടിനോട് കോടതി വീണ്ടും നിർദ്ദേശിച്ചു.
നവംബർ 29 പുതിയ സമയപരിധിയായി നിശ്ചയിച്ചുകൊണ്ട് മനുഷ്യാവകാശ പറഞ്ഞു: “ഇത്തരം ആൾക്കൂട്ടക്കൊലക്കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന കുറ്റവാളികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പോലീസ് നേരിടുന്ന ബുദ്ധിമുട്ടുകളെ ഞങ്ങൾ മനസിലാക്കുന്നു. എന്നാൽ, അന്വേഷണത്തിലെ ബുദ്ധിമുട്ടുകൾ അന്വേഷണം ഉപേക്ഷിക്കുന്നതിനോ പാതിമനസ്സോടെ കേസ് അന്വേഷിക്കുന്നതിനോ കാരണമാകില്ല, അതിനാൽ പോലീസ് സ്വീകരിക്കുന്ന സമീപനം ഒരിക്കലും ജനങ്ങളുടെ മനസ്സിൽ ഭയം ജനിപ്പിക്കില്ല.
“ഒരു സാധാരണ സമൂഹത്തിൽ ഒരു തരത്തിലുമുള്ള ആൾക്കൂട്ട കൊലപാതകം അനുവദിക്കരുത്, അല്ലാത്തപക്ഷം, നിയമവാഴ്ചയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.” – മനുഷ്യാവകാശ കമ്മീഷൻ കൂട്ടിച്ചേർത്തു.