വടകര : സാൻഡ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രവും മറു കരയിലെ മിനി ഗോവ എന്നറിയപ്പെടുന്ന കോട്ടക്കൽ ഭാഗവുമായി ബന്ധപ്പെടുത്തി ഇക്കോ ടൂറിസം പദ്ധതിക്കു സാധ്യത തെളിയുന്നു. പയ്യോളി പഞ്ചായത്തിന്റെ ഭാഗമാണ് ഇരിങ്ങൽ, കോട്ടക്കൽ പ്രദേശമെങ്കിലും ഇവിടെ നഗരസഭയുടെ അധീനതയിൽ 4.5 ഏക്കർ ഭൂമിയുണ്ട്. കടലിനോട് ചേർന്നു കിടക്കുന്ന ഈ ഭാഗത്തുള്ള കണ്ടൽ ചെടികളും മരങ്ങളും ഏറെ മനോഹരമാണെങ്കിലും വ്യക്തമായ ടൂറിസം പദ്ധതി ഇതുവരെയില്ല. നൂറു കണക്കിനു സന്ദർശകർ എത്തുന്ന സാൻഡ് ബാങ്ക്സിൽ നിന്ന് 700 മീറ്റർ ദൂരത്തിൽ പുഴയിലൂടെ റോപ് വേ സ്ഥാപിച്ചാൽ കോട്ടക്കൽ ഭാഗത്ത് എത്താൻകഴിയും.
ഇതിനുള്ള ശ്രമമാണ് നഗരസഭ നടത്തുന്നത്. സന്ദർശകർ ഇപ്പോഴും ഏറെ എത്തുന്ന കോട്ടക്കൽ മിനി ഗോവ പ്രദേശത്തെപ്പറ്റി മന്ത്രി പി.കെ.മുഹമ്മദ് റിയാസിന് ലഭിച്ച നിവേദനങ്ങളെ തുടർന്ന് സാധ്യതാ പഠനം നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നു. നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, ഉപാധ്യക്ഷൻ പി.കെ.സതീശൻ എന്നിവരും എൻജിനീയറിങ് വിഭാഗം അധികൃതരും സ്ഥലം സന്ദർശിച്ചു. ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾക്കു നൽകാനുളള ഡിപിആർ ഉടൻ തയാറാക്കും.