കുന്നംകുളം : കുന്നംകുളത്തെ സർക്കാർ ആശുപത്രിക്ക് 133 വർഷം പഴക്കമുണ്ട് താലൂക്ക് ആശുപത്രിയായി വളർന്നിട്ടും ഈ ചികിത്സാലയം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ നട്ടം തിരിയുന്നു. ഒപി വിഭാഗത്തിൽ ദിവസവും 700ലേറെപ്പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. പക്ഷേ, നഗരമധ്യത്തിൽ ചിതറിക്കിടക്കുന്ന കെട്ടിടങ്ങളിലായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നിലയിലാണ് ആശുപത്രി.നഴ്സുമാർ അടക്കം ആവശ്യത്തിനു ജീവനക്കാരില്ല. കിടക്കകളും നന്നേ കുറവ്. 50% കിടക്കകൾ കോവിഡ് ബാധിതർക്കായി നീക്കിവച്ചതോടെ മറ്റു രോഗികൾ വലഞ്ഞു. പ്രധാന കെട്ടിടം കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ചതോടെ കിടത്തിച്ചികിത്സ പ്രതിസന്ധിയിലാണ്. സ്പെഷ്യൽറ്റി വിഭാഗം ഡോക്ടർമാർ പോലും കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്നതിനാൽ മിക്ക ദിവസവും ഒപി വിഭാഗം പരിശോധന മുടങ്ങുന്നു.
ഗുരുവായൂർ റോഡിൽ നഗരസഭ ഷോപ്പിങ് കോംപ്ലക്സിനു സമീപത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി ആശുപത്രിക്കായി ആധുനിക സൗകര്യങ്ങൾ ഉള്ള ബഹുനില കെട്ടിടം വിഭാവനം ചെയ്തിരുന്നതാണ്. കിഫ്ബി വഴി 98 കോടി രൂപയുടെ പദ്ധതി 2018ൽ പ്രഖ്യാപിക്കുകയും ചെയ്തു. സർവേ പൂർത്തിയാക്കി പ്ലാൻ തയാറാക്കി. ഭരണാനുമതി ലഭിച്ചെന്നും പറയുന്നു. എന്നാൽ, പണി എന്നു തുടങ്ങുമെന്ന് ആർക്കുമറിയില്ല.ജീവനക്കാരുടെ എണ്ണം കുറവായിട്ടും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ നെട്ടോട്ടത്തിലാണ് ആശുപത്രി അധികൃതർ. ഒരുമാസം പരമാവധി 60 പേരുടെ പ്രസവ പരിചരണത്തിനു മാത്രം സൗകര്യമുള്ള ആശുപത്രിയിൽ കഴിഞ്ഞ മാസം പ്രസവിച്ചത് 130 പേർ. കിടക്കകളുടെ എണ്ണം 26 മാത്രം. ഒരേസമയം 2 നഴ്സുമാർ മാത്രമേ ഡ്യൂട്ടിക്കുണ്ടാകൂ. പരിചരണം വൈകിയാൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ശകാരം കേൾക്കണം.വിശ്രമമെന്തെന്നറിയാതെയാണു ജോലി. ആശുപത്രിയിലെ ഒട്ടുമിക്ക ചികിത്സാ വിഭാഗങ്ങളിലും അവസ്ഥ ഇതു തന്നെ. എന്നിട്ടും ജനത്തിനു പ്രതീക്ഷയേകി ഡയാലിസിസ് യൂണിറ്റും കണ്ണു രോഗ ശസ്ത്രക്രിയാ വിഭാഗവും അടുത്തിടെ ആരംഭിക്കാനായി. പരിമിതികളിൽ പതറാതെ ഡോക്ടർമാരും ജീവനക്കാരും കൂടെയുള്ളതാണു രോഗികളുടെ ആശ്വാസം.