തിരുവനന്തപുരം∙ നാട്ടിൽ തൂമ്പായെടുക്കാൻ മടിയാണെന്ന ഒരിക്കലും മാറാത്ത ചീത്തപ്പേര് മലയാളിക്കുണ്ടെങ്കിലും ദക്ഷിണ കൊറിയയിൽ ഉള്ളി കൃഷി ചെയ്യാൻ താൽപ്പര്യത്തിൽ എത്തിയത് എഴുനൂറു പേർ. എങ്കിലും കൊടുംതണുപ്പും, 9 മണിക്കൂർ നേരത്തെ വിശ്രമമില്ലാത്ത പണിയും, മാസത്തിൽ 2 ദിവസം മാത്രം അവധിയും അറിഞ്ഞതോടെ ഉണ്ടായിരുന്നവരിൽ 30 പേർ സ്ഥലം വിട്ടു. സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് മുഖേന, 100 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ മൂന്നു ബാച്ചുകളായി നടത്തിയ സെമിനാറിൽ പങ്കെടുത്തവരിൽ നിന്നാണ് മുപ്പതുപേർ സ്ഥലം വിട്ടത്.
100 വനിതകളും എത്തിയിരുന്നു. മറ്റു ജില്ലകളിൽ നിന്നടക്കം രാവിലെ തന്നെ എത്തി സെമിനാർ ഹാളിലേക്ക് ഇടിച്ചു കയറാനുള്ള തൊഴിലന്വേഷകരുടെ ശ്രമം. നിയന്ത്രിക്കാൻ സംഘാടകർ പാടുപെട്ടു. ബാച്ചുകളായാണ് സെമിനാർ നടത്തിയത്. പത്താം ക്ലാസ് യോഗ്യത, 1.12 ലക്ഷം രൂപ പ്രതിമാസശമ്പളം, 60% സ്ത്രീകൾക്കായി സംവരണംകാർഷികവൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണന. 25–40 പ്രായപരിധി, ഇതൊക്കെയായിരുന്നു അപേക്ഷിക്കാനുള്ള യോഗ്യതകൾ.
ദക്ഷിണ കൊറിയയിലെ കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, കാലാവസ്ഥ, തൊഴിൽ മേഖല തുടങ്ങിയവയെക്കുറിച്ച് അറിവു നൽകുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം. ജോലി സമയം, അവധി, ഭക്ഷണം, കാലാവസ്ഥ, ശമ്പളം എന്നിവയെക്കുറിച്ചായിരുന്നു ഭൂരിഭാഗം പേർക്കു അറിയേണ്ടത്.. മാസത്തിൽ 28 ദിവസം ജോലി ചെയ്യണമെന്നും രണ്ട് അവധി മാത്രമാണ് കിട്ടുകകയെന്നും ദിവസവും 9 മണിക്കൂറാണ് ജോലിയെന്നും അറിഞ്ഞതോടെ പലരുടെയും മുഖം വാടി.
കടുത്ത തണുപ്പിന്റെ കാര്യവും എല്ലു വെള്ളമാക്കുന്ന പണി രീതികളും കൂടി പറഞ്ഞതോടെയാണ് 30 പേർ ഹാളിൽ നിന്നിറങ്ങിയത്. ഒഡെപെക് എംഡി കെ.എ.അനൂപ് മറുപടി പറഞ്ഞു. നിയമനം നൽകുന്നതു തൊഴിൽദാതാവായ കൊറിയൻ ചേംബർ ഓഫ് കൊമേഴ്സ് ആണെന്നും അധികൃതർ പറഞ്ഞു. അടുത്ത സെമിനാർ നാളെഎറണാകുളം ടൗൺഹാളിൽ നടക്കും. 100 പേർക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ നിയമനം