ഭരണകൂടങ്ങൾ തങ്ങളുടെ നയങ്ങളെ ചോദ്യം ചെയ്യുന്ന സംഘടനകളെ വിവിധ മുദ്രകൾ ചാർത്തി നിരോധിക്കുകയും തുറങ്കലിലടക്കുകയും ചെയ്യുന്നത് പതിവായി മാറുകയാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ നടപടികൾ നേരിടേണ്ടി വരുന്നത് മനുഷ്യാവകാശ സംഘടനകൾക്കാണ്. ഇസ്രയേലിന്റെ മനുഷ്യാവകാശ പ്രവർത്തി ചൂണ്ടിക്കാണിച്ച മനുഷ്യാവകാശ സംഘടനകൾക്കെതിരെയുള്ള നടപടിയാണ് ഏറ്റവും പുതിയതായി ഉണ്ടായത്.
ഇസ്രായേൽ ഭരണകൂടം ആറ് മനുഷ്യാവകാശ സംഘടനകൾക്കെതിരെയാണ് നടപടിയെടുത്തത്. നിരോധിക്കുകയോ നാട് കടത്തുകയോ ഒന്നുമല്ല ഇസ്രേയേൽ ഭരണകൂടം ചെയ്തത്. പകരം തീവ്രവാദ മുദ്രകൾ ചാർത്തി സംശയത്തിന്റെ നിലവിൽ നിർത്തി. അവർക്ക് തീവ്രവാദ സംഘടനകളുടെ പിന്ബലമുള്ളതായി ആരോപിച്ചു. തങ്ങളുടെ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിന്നവരെ ഇസ്രായേൽ ഭരണകൂടം എങ്ങിനെ നേരിടുമെന്ന് കാണിക്കുന്നതാണ് സംഭവം.
അധിനിവേശ പ്രദേശങ്ങളിൽ മാത്രമല്ല, ഇസ്രായേലിനുള്ളിലും ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിച്ച ചരിത്രമാണ് ആറ് സംഘടനകൾക്കുള്ളത്. അത് തന്നെയാണ് അവരെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കിയതും. ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് തന്റെ പ്രഖ്യാപനത്തിൽ പറഞ്ഞത് ജൂതരല്ലാത്തവരുടെയും മനുഷ്യാവകാശങ്ങൾ സംഘടനകൾ ലംഘിച്ചു എന്നാണ്.
ഭരണകൂടം ലക്ഷ്യമിടുന്ന സംഘടനകളിൽ 1979-ൽ സ്ഥാപിതമായ ഒരു സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ അൽ-ഹഖും ഉൾപ്പെടുന്നു. ഇസ്രായേൽ സൈനികമായി ഭരിക്കുന്ന അധിനിവേശ പ്രദേശങ്ങളിലെ നിയമവാഴ്ചയെ സംരക്ഷിക്കുക എന്ന ചുമതലയാണ് ഈ സംഘടന നടത്തി പോന്നിരുന്നത്.
രാഷ്ട്രീയ കാരണങ്ങളാൽ അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്ന സാധാരണക്കാരുടെ അവകാശങ്ങളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദമീർ (മനസ്സാക്ഷി) ആണ് മറ്റൊരു സംഘടന. ഇസ്രായേൽ നിലവിൽ 4,650 ഫലസ്തീനികളെ ജയിലുകളിൽ പാർപ്പിക്കുന്നു, അവരിൽ പലരും വിചാരണയോ ഔപചാരികമായ കുറ്റങ്ങളോ ഇല്ലാതെ തടവിലാക്കപ്പെട്ടവരാണ്. നിയമവാഴ്ചയെ മറികടക്കുന്ന ഭരണപരമായ തടങ്കലിലെ പഴയ ബ്രിട്ടീഷ് മാൻഡേറ്റ് സമ്പ്രദായമാണ് ഇസ്രായേൽ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് ഇവരുടെ നീതിക്കായി പോരാടുന്നവരുടെ കൂട്ടമാണ് അദ്ദമീർ.
അൽ-ഹഖും അദ്ദമീറും ഇസ്രായേൽ ഗവൺമെന്റ് ചെയ്യുന്ന മനുഷ്യത്വ വിരുദ്ധ നടപടികൾ മാത്രമല്ല, പലസ്തീൻ അതോറിറ്റിയുടെ ദുരുപയോഗങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേൽ ഷിൻ ബെറ്റ് രഹസ്യ പോലീസിന്റെ “സുരക്ഷാ” റെയ്ഡുകളും തടങ്കലുകളെയും സംഘടനകൾ പലപ്പോഴും തുറന്ന് കാണിച്ചിട്ടുണ്ട്.
തീവ്രവാദ മുദ്രകുത്തിയ ആറ് ഓർഗനൈസേഷനുകളുടെയും ഓഫീസുകൾ അടച്ചുപൂട്ടാനും അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനും അവരുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യാനും വിചാരണയോ ഔപചാരികമായ പൊതു നടപടികളോ കൂടാതെ തടവിലാക്കാനും ഗാന്റ്സ് ഇസ്രായേൽ ഭരണകൂടത്തിന് അനുവാദം നൽകിയിട്ടുണ്ട്.
പ്രമുഖ ആഗോള മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും ഇസ്രേയേൽ പ്രതിരോധ മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ അപലപിച്ചു. ഈ രണ്ട് സംഘടനകളെയും ഇസ്രായേൽ നേരത്തെ ആക്രമിച്ചിരുന്നു. യഥാർത്ഥത്തിൽ, തങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച എല്ലാ സംഘടനകളെയും ഇസ്രായേൽ ആക്രമിച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ ഉറ്റ അന്തരാഷ്ട്ര ചങ്ങാതിയായ യു.എസ്, ഇസ്രയേൽ ഈ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് അറിയില്ലായിരുന്നുവെന്നാണ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ ഈ നടപടിയെ നേരിട്ട് വിമർശിക്കാൻ അദ്ദേഹം വിസമ്മതിച്ചു, പകരം പറഞ്ഞത്, “മനുഷ്യാവകാശങ്ങൾ, മൗലിക സ്വാതന്ത്ര്യങ്ങൾ, ശക്തമായ ഒരു സിവിൽ സമൂഹം എന്നിവയോടുള്ള ബഹുമാനവും ഉത്തരവാദിത്തവും പ്രതികരണശേഷിയുള്ളതുമായ ഭരണത്തിന് നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്നായിരുന്നു. വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ വിഷയം അന്തരാഷ്ട തലത്തിൽ ഏതാനും മാധ്യമങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യാൻ വരെ തയ്യാറായിട്ടുള്ളത്. വിഷയത്തിൽ പ്രതികരിക്കാൻ മിക്ക രാജ്യങ്ങളും പതിവ് പോലെ മുന്നോട്ട് വരാനും പോകുന്നില്ല. പലസ്തീൻ വിഷയത്തിൽ വര്ഷങ്ങളായി ഈ കാഴ്ച നാം കാണുന്നതാണ്. ഇസ്രയേലിനോട് നേരിട്ട് മുട്ടാൻ ആരും തയ്യാറല്ല. അത്കൊണ്ട് തന്നെ ഈ മനുഷ്യാവകാശ ലംഘനവും ഭരണകൂടം ഒതുക്കും.
കടപ്പാട്: റായ് ഹനാനിയാ