ദോഹ: അൽ തുമാമ സ്റ്റേഡിയത്തിൻെറ ഉദ്ഘാടന മത്സരത്തിൻെറ ആവേശത്തിൽ നിൽക്കുന്ന ഫുട്ബാൾ ആരാധകർക്ക് മുമ്പാകെ ഫിഫ അറബ് കപ്പിൻെറ അവസാന ഘട്ട ടിക്കറ്റ് വിൽപന പ്രഖ്യാപിച്ച് അധികൃതർ. ലോകകപ്പിനായി പണിപൂർത്തിയാക്കിയ മറ്റു രണ്ട് സ്റ്റേഡിയങ്ങളായ അൽബെയ്ത്, റാസ് അബൂ അബൂദ് എന്നിവ ഉൾപ്പെടെയുള്ള ഉദ്ഘാടന മത്സരങ്ങൾക്കും ആരാധകർക്ക് ഇന്ന് മുതൽ ടിക്കറ്റ് സ്വന്തമാക്കാം. ഫിഫ വെബ്സൈറ്റ് വഴി ഉച്ച 12 മുതൽ ടിക്കറ്റ് എടുക്കാമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ലോകകപ്പിെൻറ ഉദ്ഘാടനവേദിയായ അൽ ബെയ്ത്ത് സ്റ്റേഡിയവും പൂർണമായും കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമിച്ച റാസ് അബൂ അബൂദ് സ്റ്റേഡിയവും നിർമാണം പൂർത്തിയാക്കി കഴിഞ്ഞവയാണ്.
ഇവ നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പോടെ കായിക ലോകത്തിനാായി സമർപ്പിക്കും. ഈ സ്റ്റേഡിയങ്ങളിലാണ് അറബ് കപ്പിെൻറ ഉദ്ഘാടന മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾക്കുള്ള അവസാന റൗണ്ട് ടിക്കറ്റ് വിൽപന നാളെ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ടിക്കറ്റ് വിൽപനയുടെ മൂന്നാം ഘട്ടത്തിനാണ് ഇന്ന് തുടക്കംകുറിക്കുന്നത്. നേരത്തെ രണ്ട് ഘട്ടങ്ങളിലായി വിൽപന പൂർത്തിയാക്കി. FIFA.com/tickets എന്ന ലിങ്ക് വഴിയാവും ടിക്കറ്റുകൾ ലഭിക്കുക. ടൂർണമെൻറിലെ 32 മത്സരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും ലഭ്യമാകും. ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾ 25 റിയാൽ നിരക്കിൽ ലഭ്യമാണ്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് നിരക്ക് കൂടും.
അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ബഹ്റൈനുമായി ഏറ്റുമുട്ടുമ്പോൾ റാസ് അബൂ അബൂദിൽ യു.എ.ഇ സിറിയയെ നേരിടും.
















