പത്തനംതിട്ട : ജില്ലയിലെ മലയോരമേഖലയിൽ കനത്ത മഴ ( heavy rain ). കോന്നിയിൽ ( konni ) ഒരുമണിക്കൂറിനിടെ 74 മില്ലിമീറ്റർ മഴയാണ് പെയ്തത്. ആങ്ങമൂഴി വനത്തിനുള്ളിൽ ഉരുൾപൊട്ടി. കോട്ടമൺപാറയിൽ ഒരു കാർ വെള്ളത്തിൽ ഒലിച്ചുപോയി. എരുമേലിയിൽ കനത്ത മഴയിൽ തടയണ തകർന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകർന്നത്. കുറുമ്പൻമൂഴി വനത്തിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും വിവരം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പെയ്ത കനത്ത മഴ കുറഞ്ഞു. അരമണിക്കൂറോളം സമയം കനത്ത മഴയാണ് ഇവിടെ ഉണ്ടായത്. മുണ്ടക്കയം വണ്ടംപതാൽ അസംപനിയിൽ ഉരുൾ പൊട്ടൽ ഉണ്ടായെന്ന റിപ്പോർട്ട് ജില്ലാ ഭരണകൂടം തള്ളി. മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ആണ് ഉണ്ടായതെന്നും ആശങ്കയുടെ സാഹചര്യം ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ആൾ പാർപ്പില്ലാത്ത സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുണ്ടക്കയത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. ചെറുതോടുകൾ നിറഞ്ഞ് കവിഞ്ഞു. മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപെട്ടു. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ കൂട്ടിക്കൽ, എന്തയാർ, വടക്കേമല ഭാഗങ്ങളിലും കനത്ത മഴ പെയ്തത് ആശങ്കയ്ക്ക് കാരണമായി. എന്നാൽ ഈ മേഖലയിൽ പെട്ടെന്ന് മഴ കുറഞ്ഞു.
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രാത്രിയും മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികൾ ഇന്നും നാളെയും കടലിൽ പോകരുത്. ചൊവ്വാഴ്ചയോടെ തുലാവർഷം തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. ഇതിന് മുന്നോടിയായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാൻ കാരണം. വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാലും മഴ ശക്തമാകും. ചൊവാഴ്ച്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















