കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എഐഎസ്എഫ്(AISF) പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്. എസ്എഫ്‌ഐ(SFI) പ്രവര്‍ത്തകയെ കടന്ന് പിടിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമുള്ള എസ്എഫ്‌ഐയുടെ പരാതിയില്‍ ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇന്നലെ രാത്രി ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്.
വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ വനിതാ നേതാവിനെ കടന്നുപിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌തെന്ന പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കള്‍ സമാന പരാതി നല്‍കിയത്.
തങ്ങളുടെ ഒരു വനിതാ പ്രവര്‍ത്തകയെ കടന്നുപിടിച്ചു. മറ്റൊരു വനിതാ പ്രവര്‍ത്തകയെ ജാതീയമായി അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്‌ഐ പരാതി നൽകിയത്.
എഐഎസ്എഫ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, സെക്രട്ടറി അമല്‍, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദുവിൻ്റെ(R Bindu) പേഴ്‌സണല്‍ സ്റ്റാഫംഗം അരുണ്‍, പ്രജിത്ത് കെ ബാബു എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

















