ദക്ഷിണാഫ്രിക്കയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവെയ്പ്പുകളിലായി 30-ലധികം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജോഹന്നസ്ബർഗിന് പുറത്തുള്ള വെസ്റ്റ് റാൻഡ് ജില്ലയിലെ വെഡേല (Wedela) ടൗൺഷിപ്പിലാണ് ആദ്യത്തെ വെടിവെപ്പുണ്ടായത്. ഇവിടെ ഒരു മദ്യശാലയ്ക്ക് പുറത്ത് മദ്യപിച്ചുകൊണ്ടിരുന്നവർക്ക് നേരെ ശനിയാഴ്ച വൈകുന്നേരം എട്ടോളം പേർ അടങ്ങുന്ന സംഘം വെടിയുതിർക്കുകയായിരുന്നു. അതിനുശേഷം മദ്യശാലയ്ക്കുള്ളിൽ പ്രവേശിച്ചും ഇവർ ആക്രമണം തുടർന്നു. പിസ്റ്റളുകളും എകെ-47 റൈഫിളുകളുമായെത്തിയ അക്രമികൾ, ചിലരുടെ മൊബൈൽ ഫോണുകൾ തട്ടിപ്പറിച്ച ശേഷം രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ടു. ഈ സംഭവത്തിൽ 17 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെസ്റ്റേൺ കേപ്പിലെ ഖയേലിറ്റ്ഷ (Khayelitsha) ടൗൺഷിപ്പിൽ ശനിയാഴ്ച വൈകുന്നേരം നടന്ന മറ്റൊരു ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. വാഹനത്തിനകത്തും പുറത്തുമായി മാരകമായി വെടിയേറ്റ നിലയിൽ കാണപ്പെട്ട മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. വെടിയേറ്റ നാലാമൻ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. വെസ്റ്റേൺ കേപ്പിലെ ലവാണ്ട്‌ലെ (Lwandle) ടൗൺഷിപ്പിലെ ഒരു വിനോദകേന്ദ്രത്തിൽ ഞായറാഴ്ച പുലർച്ചെയാണ് മൂന്നാമത്തെ ആക്രമണം നടന്നത്. ഇവിടെ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. അഞ്ചുപേർ സംഭവസ്ഥലത്തും അഞ്ചുപേർ ആശുപത്രിയിലുമാണ് മരിച്ചത്. വ്യവസായ മേഖലയിലെ കുടിപ്പകയും വിലകുറഞ്ഞ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാകാം ഈ ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് കമ്മീഷണർ ലെഫ്റ്റനന്റ് ജനറൽ സിസ്‌ഖെലെ വില്യം ദ്യന്തിയ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ അക്രമവാസനയും കൂട്ടവെടിവെയ്പ്പുകളും വർദ്ധിച്ചു വരികയാണെന്നും ഇത് പ്രധാനമായും പാവപ്പെട്ട സമൂഹങ്ങളെയാണ് ബാധിക്കുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രതിദിനം ശരാശരി 58 പേർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ, ജോഹന്നസ്ബർഗിൽ 10 സ്ത്രീകളുടെ മൃതദേഹങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കണ്ടെത്തിയത് വ്യാപകമായ ഭീതിക്ക് കാരണമായിട്ടുണ്ട്. മയക്കുമരുന്ന്, മാഫിയ അക്രമങ്ങൾ, അനധികൃത ഖനനം എന്നിവ നടത്തുന്ന സംഘടിത കുറ്റകൃത്യ ശൃംഖലകൾക്കെതിരെ രാജ്യം പോരാടുകയാണ്. കുറ്റകൃത്യ ശൃംഖലകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് പോലീസ് മന്ത്രി സെൻസോ എംചുനുവിനോട് (Senzo Mchunu) കഴിഞ്ഞ വർഷം അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ പോലീസ് സേനയെ സഹായിക്കുന്നതിനായി സൈന്യത്തെ വിന്യസിക്കുമെന്ന് പ്രസിഡന്റ് സിറിൾ റാമഫോസ (Cyril Ramaphosa) പ്രഖ്യാപിച്ചിട്ടുണ്ട്.















