തിരുവനന്തപുരം: സഹായിക്കേണ്ട സമയത്ത് സിപിഎം സഹായിച്ചില്ലെന്ന് അനുപമ. ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്ന് സിപിഎമ്മിന്‍റെ പിന്തുണയ്ക്ക് മറുപടിയായി അനുപമ പറഞ്ഞു. കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമ നിരാഹാര സമരം തുടരുകയാണ്.
പോലീസില്‍ വിശ്വാസമില്ലെന്നും സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും സമരത്തിന് പുറപ്പെടും മുന്‍പ് അനുപമ പറഞ്ഞു. അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുപമയുമായി ഫോണില്‍ സംസാരിച്ചു. വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി അനുപമ അറിയിച്ചു.
അതേസമയം, അനുപമക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ വ്യക്തികള്‍ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. കക്ഷിരാഷ്ട്രീയത്തിൻ്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല ഇത്തരം മനുഷ്യാവകാശ പ്രശ്‌നങ്ങളോട് ഭരണ സംവിധാനം പ്രതികരിക്കേണ്ടത്. ആയതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുകൂടാ. അവര്‍ ശിക്ഷിക്കപ്പെടണം. കുഞ്ഞിനെ കണ്ടെത്തി മാതാപിതാക്കളെ തിരിച്ചേല്‍പ്പിക്കേണ്ട ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാറിൻ്റെതാണ്. അത് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹികണം എന്നും അവർ ആവശ്യപെട്ടു.

















