ഷിംല: ഉത്തരാഖണ്ഡിലെ ലംഖാഗ പാസിൽ കനത്ത മഞ്ഞു വീഴ്ചയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കുടുങ്ങിയ 17 പേരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. എയർഫോഴ്സിൻറെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.
ഒക്ടോബർ 18നാണ് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലംഖാഗ പാസിൽ പർവതാരോഹകർ ഉൾപ്പടെയുള്ള സംഘം വഴിതെറ്റി കുടുങ്ങിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവിടെ നിന്നും 11 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
തെരച്ചിൽ നടത്തുന്നതിന് നേരത്തെ രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ എയർഫോഴ്സ് വിട്ടു നൽകിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയിലെ മൂന്ന് ഉദ്യോഗസ്ഥരുമായി ഈമാസം 20ഓടെയാണ് തെരച്ചിൽ ആരംഭിച്ചത്.
ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലുള്ള ഹർഷിലിനെ കിന്നോർ ജില്ലയിലെ ചിത്കുലുമായി ബന്ധിപ്പിക്കുന്ന വഴിയാണ് ലംഖാഗ പാസ്.
















