കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷത്തിൽ ഏഴ് എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുത്ത് പൊലീസ്(case against sfi leaders). എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ. അരുൺ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആർഷോ, അമൽ, പ്രജിത്ത്. കെ. ബാബു എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം, എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നും ബലാത്സംഗ ഭീഷണിമുഴക്കി കയറിപ്പിടിച്ചെന്നും വനിതാ നേതാവ് പരാതിയിൽ പറയുന്നു.
സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് എഐഎസ്എഫ് പ്രവർത്തകനെ മർദ്ദിച്ചതിൽ വനിതാ നേതാവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇവർക്കെതിരേ എസ്എഫ്ഐ രംഗത്തുവന്നത്.
സംഭവത്തിൽ ആക്രമണത്തിനിരയായ എഐഎസ്എഫ് പ്രവർത്തകരും വനിതാ നേതാവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം, വനിതാ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.

















