തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 94.2 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,51,70,193), 47.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,26,74,831) നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,60,101).
പുതിയ റിപ്പോര്‍ട്ട് പ്രകാരം, 9361 പുതിയ രോഗികളില്‍ 7769 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2199 പേര് ഒരു ഡോസ് വാക്സിനും 3019 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 2551 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒക്ടോബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവിൽ, ശരാശരി 85,845 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7,670 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികൾ, ഫീല്‍ഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 18 ശതമാനം, 15 ശതമാനം, 34 ശതമാനം, 13 ശതമാനം, 12 ശതമാനം, 19 ശതമാനം കുറഞ്ഞു.

















