തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ (Thiruvananthapuram medical college) വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 27.37 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Veena George). മാസ്റ്റര്‍ പ്ലാനിന്റെ (Master plan) ഭാഗമായി മെഡിക്കല്‍ കോളേജില്‍ 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
അടുത്തിടെ 2 ഐസിയുകളിലായി 100 ഐസിയു കിടക്കകള്‍ സജ്ജമാക്കിയിരുന്നു. എസ്എടി ആശുപത്രിയില്‍ പീഡിയാടിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയറ്റര്‍ സ്ഥാപിച്ചത്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നതാണ്. ഇതിനായി ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് വിവിധ ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമായി ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്താക്കി.