പാക്കിസ്ഥാൻ : വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ അവിടുത്തെ നേതാക്കൾ നൽകിയ സമ്മാനങ്ങൾ രഹസ്യമായി വിറ്റെന്ന ആരോപണം നേരിടുകയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ നാണക്കേട് ഉണ്ടാക്കുന്നതാണ് സംഭവമെന്ന് പരിഹസിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. പാക്കിസ്ഥാൻ മുസ്ലിം ലീഗ് (എൻ) വൈസ് പ്രസിഡന്റ് മറിയം നവാസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 10 ലക്ഷം ഡോളർ വിലവരുന്ന വാച്ച് പോലും ഇങ്ങനെ രഹസ്യമായി വിറ്റെന്ന് റിപ്പോർട്ടുകളുണ്ട്.
ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ അതാത് രാജ്യത്തിന്റെ സ്വത്തെന്ന നിലയിലാണ് വിലയിരുത്തുന്നത്. പരസ്യമായ പൊതുലേലത്തിലൂടെ ഇത് വിൽക്കാനും സാധിക്കും. എന്നാൽ ഇമ്രാൻ ഖാൻ ഇതെല്ലാം രഹസ്യമായി സ്വന്തം ഇഷ്ടത്തിന് വിറ്റെന്നാണ് ആരോപണം. ഗൾഫിലെ രാജകുമാരൻ സമ്മാനിച്ച പത്ത് ലക്ഷം ഡോളർ വിലയുള്ള വാച്ച് ബന്ധു വഴി ദുബായിൽ െകാണ്ടുപോയി വിറ്റെന്നാണ് റിപ്പോർട്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് കിട്ടിയ സമ്മാനങ്ങളുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞ മാസം പാക്കിസ്ഥാൻ ഭരണകൂടം നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നാണം കെടുത്തുന്ന ആരോപണങ്ങൾ ഉയരുന്നത്.