ബീജിംഗ്: സിൻജിയാങ് പ്രവിശ്യയിലെ ഉയിഗുർ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മാറ്റണമെന്ന ആവശ്യം യുഎന്നിൽ ഉന്നയിച്ച് 43 രാജ്യങ്ങൾ. ഉയിഗുർ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മനുഷ്യത്വരഹിതമാണെന്നും, നിയമം അനുശാസിക്കുന്ന എല്ലാ ബഹുമാനവും അവർക്ക് നൽകണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യം ഉന്നയിച്ചു. യുഎൻ ഹൈക്കമ്മീഷണർ, അവരുടെ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് സിൻജിയാങിലേക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഫ്രാൻസ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
സിൻജിയാങിലെ ഉയിഗുർ മുസ്ലീങ്ങളുടെ അവസ്ഥയിൽ തങ്ങൾ ഏറെ ആശങ്കാകുലരാണെന്നും ഫ്രാൻസ് ചൂണ്ടിക്കാണിച്ചു. പ്രദേശത്തെ മുസ്ലീങ്ങളെ അടിച്ചമർത്താൻ ചൈന നിരവധി ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് പ്രസ്താവന. പത്ത് ലക്ഷത്തിലധികം ആളുകൾ ചൈനയുടെ ഇത്തരം ക്യാമ്പുകളിൽ ക്രൂര പീഡനത്തിന് ഇരയാകുന്നതായാണ് വിവരം. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക പീഡനം, നിർബന്ധിത വന്ധ്യംകരണം തുടങ്ങിയവയും ക്യാമ്പുകളിലുള്ളവർക്ക് നേരിടേണ്ടി വരുന്നുണ്ട്.
എന്നാൽ ഇത്തരത്തിൽ പുറത്ത് വരുന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് യുഎന്നിലെ ചൈനയുടെ പ്രതിനിധി സാങ് ജുൻ പറഞ്ഞു. ‘ചൈനയെ ഒറ്റപ്പെടുത്താനും വേദനിപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് ഇത്. ആരോപണങ്ങളെ തള്ളിക്കളയുകയാണ്. സിൻജിയാങിലെ ജനങ്ങൾ അവിടുത്തെ വികസന പ്രവർത്തനങ്ങൾ ആസ്വദിക്കുകയാണ്. അവിടെ നടക്കുന്ന ഓരോ പ്രവർത്തനങ്ങളിലും അവർ അഭിമാനിക്കുകയാണെന്നും’ സാങ് ജുൻ കൂട്ടിച്ചേർത്തു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നും ചൈന പറഞ്ഞു.
2019 ലും 2020 ലും സമാനമായ രീതിയിൽ ചൈനയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഉയിഗുർ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മനുഷ്യത്വരഹിതമാണെന്നായിരുന്നു അന്നും ആരോപണം ഉയർന്നത്. 2019ൽ 23 രാജ്യങ്ങളും, 2020ൽ 39 രാജ്യങ്ങളും ചൈനയുടെ നിലപാടിനെതിരെ യുഎന്നിൽ വിമർശനം ഉന്നയിച്ചിരുന്നു. തുർക്കി, എസ്വാതിനി, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഈ വർഷം പുതിയതായി ചൈനക്കെതിരെ രംഗത്ത് വന്നത്. ഇവരുൾപ്പെടെ 43 രാജ്യങ്ങൾ നിലവിൽ ചൈനക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.