തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി സമൂഹത്തില്‍ നിന്നും വിട്ടൊഴിയാത്ത സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകളുടെയും കാലാവധി 31-12-2021 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master) അറിയിച്ചു.
കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയതും 2020 മാര്‍ച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്കും നേരത്തെ 2021 സപ്തംബര്‍ 30വരെ കാലാവധി നീട്ടി നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധി പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍ പൊതുജീവിതം സാധാരണ നിലയിലാകാത്ത സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ പെര്‍മിറ്റുകളുടെ സമയപരിധി നീട്ടി നല്‍കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.