തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സംഘടനകള്‍ വ്യക്തമാക്കി.
വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആറുമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജീവനക്കാരും പ്രേക്ഷകരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.
തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ, വെനം ടു എന്നിവയാകും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും. നവംബർ 12നാകും സിനിമ റിലീസ് ചെയ്യുക. ജോജു ജോർജ് നായകനാകുന്ന സ്റ്റാർ, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി, കാവല്‍, അജഗജാന്തരം, ഭീമന്‍റെ വഴി, തുടങ്ങിയ മലയാള ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുക.
രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നീ ഇതരഭാഷാ ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകളിലുമെത്തും. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ തുറന്നെങ്കിലും വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ അടയ്ക്കുകയായിരുന്നു.