കേരളം : പഞ്ചഭൂതങ്ങളാൽ നിർമിക്കപ്പെട്ട ഭൂമിയെ ശബ്ദങ്ങളിലൂടെ അറിയാൻ ശ്രമിക്കുന്ന കാഴ്ചപരിമിതരുടെ ലോകത്തെ പരിചയപ്പെടുത്തുകയാണ് ‘നാദബ്രഹ്മം’ മ്യൂസിക് വിഡിയോ. ശബ്ദത്തിന് ഏറെ പ്രാധാന്യം നൽകി ഒരിക്കിയിരിക്കുന്ന ‘നാദബ്രഹ്മം’ കാഴ്ചയുടെ വിരുന്നും പ്രേക്ഷകർക്കു സമ്മാനിക്കുന്നു. ഒരു കൂട്ടം യുവകലാകാരന്മാരുടെ കൂട്ടായ്മയിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ മ്യൂസിക് വിഡിയോ, കാഴ്ചപരിമിതരുടെ വിസ്മയകരമായ ഉൾക്കാഴ്ചയിലേക്ക് കൈപിടിച്ചു നടത്തുന്നു.
ടോമി ഡേവിഡാണ് നാദബ്രഹ്മത്തിന്റെ വരികളെഴുതിയതും ഈണമിട്ടതും. ഗാനം ആലപിച്ചിരിക്കുന്നത് റെനിൽ റാഫി. താഹിറ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ക്ലിന്റ് മാത്യുവും അഞ്ജനയുമാണ് അഭിനേതാക്കൾ. ഭൂമിയിലെ ശബ്ദങ്ങളെ പ്രണയിക്കുന്ന ഒരു ഏകാന്ത പഥികന്റെ വേഷത്തിലാണ് ക്ലിന്റ് മാത്യു മ്യൂസിക് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വിഡിയോ സംവിധാനം ചെയ്തിരിക്കുന്നതും ടോമി ഡേവിഡാണ്. അൻവർ ഖാദറാണ് ക്യാമറയും എഡിറ്റും നിർവഹിച്ചിരിക്കുന്നത്.
ലോക വൈറ്റ് കെയ്ൻ ദിനമായ ഒക്ടോബർ 15ന് പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് സംഗീതാസ്വാദകരിൽ നിന്നു ലഭിക്കുന്നത്. കാഴ്ചപരിമിതർ നേരിടുന്ന വിവിധ പ്രശ്നങ്ങളിലേക്കും അവരുടെ നേട്ടങ്ങളിലേക്കും പൊതുജനശ്രദ്ധ ആകർഷിക്കുന്നതിനുമാണ് ലോകമെമ്പാടും ‘വൈറ്റ് കെയ്ൻ ദിനം’ ആചരിക്കുന്നത്. ഈ സന്ദേശം സംഗീതത്തിലൂടെയും ദൃശ്യങ്ങളിലൂടെയും പങ്കുവയ്ക്കുകയാണ് ‘നാദബ്രഹ്മം’ മ്യൂസിക് വിഡിയോ.
https://www.youtube.com/watch?v=10W50xqlorU