കോട്ടയം: എസ്എഫ്‌ഐ നേതാക്കളിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടു എന്ന് എഐഎസ്എഫ് വനിത വിദ്യാര്‍ത്ഥി നേതാവ് കോട്ടയം ജില്ലാ പോലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്. ശരീരത്തിൽ കടന്നു പിടിച്ച് നേതാക്കൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി മൊഴി നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കെ അരുൺ ഉൾപ്പടെ ആക്രമിച്ചെന്നാണ് വനിതാ നേതാവിൻ്റെ മൊഴി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പെൺകുട്ടിയുടെ മൊഴിയിൽ പറഞ്ഞു.
യാതൊരു പ്രകോപനവും കൂടാതെയാണ് എസ്എഫ്‌ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകനായ എ എ സഹദിനെ മര്‍ദിക്കുന്നത് പ്രതിരോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡണ്ട് ആര്‍ഷോ, ജില്ലാ സെക്രട്ടറി അമല്‍ എന്നിവര്‍ക്കൊപ്പം പ്രജിത്ത് കെ ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. എംജി യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഘര്‍ഷം.
പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍-
‘പോളിംഗ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേര്‍ന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനായ എഎ സഹദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിസ്സഹായനായ് മര്‍ദനമേല്‍ക്കുന്ന സഹദിനെ തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച് കൊണ്ട് ഓടിച്ചെന്ന എന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്എഫ്‌ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ഇടതുമാറിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു. ഞാന്‍ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് എന്റെ ശരീരത്തില്‍ നിന്നുള്ള പിടിത്തം വിട്ടത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായ് അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തത്.’