മൈക്രോസ്കോപ്പിലൂടെ മാത്രം കാണാവുന്നത്ര തീരെച്ചെറിയ സൂക്ഷ്മാണുജീവികളാണു മൈക്രോബുകൾ. ശരീരകോശങ്ങളുടെ പത്തു മടങ്ങോളം മൈക്രോബുകൾ ശരീരത്തിലുണ്ട്. ബാക്ടീരിയ, വൈറസുകൾ, ആൽഗെകൾ (algae), ഫംഗസുകൾ, പ്രോട്ടൊസോവ (protozoa) തുടങ്ങിപല തരത്തിലുണ്ട് മൈക്രോബുകൾ.
മൈക്രോബുകളെക്കുറിച്ചുള്ള പഠനമാണു മൈക്രോബയോളജി. ജൈവവസ്തുക്കൾ ചീയുക, ഭക്ഷണപദാർഥഥങ്ങൾ കനച്ചോ വളിച്ചോ ഉപയോഗശൂന്യമാകുക, രോഗങ്ങൾ വ്യാപിക്കുക മുതലായവയിൽ മാത്രമല്ല, പാൽ തൈരാകുക, ആഹാരം ദഹിക്കുക, മലിനീകരണം നിയന്ത്രിക്കുക, ബയോ–ഇന്ധനങ്ങൾ നിർമിക്കുക, രോഗങ്ങൾ തടയുക എന്നിവയിലുമുണ്ട് മൈക്രോബുകളുടെ പങ്കാളിത്തം. ഡിഎൻഎ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ബാക്ടീരിയയെയും വൈറസുകളെയും പ്രയോജനപ്പെടുത്തുന്നു. കാർഷികഗവേഷണത്തിലും മൈക്രോബിയൽ പ്രയോഗം ധാരാളമാണ്.
വൈവിധ്യമുള്ള ശാഖകൾ
മൈക്രോബയോളജി വികസിച്ചതോടെ പല തരത്തിലും ഇതിന്റെ വിഭജനമുണ്ട്. അക്വാറ്റിക് മൈക്രോബയോളജി (ജലാശയങ്ങളുമായി ബന്ധപ്പെട്ട), ഇമ്യൂണോളജി (രോഗപ്രതിരോധവുമായി ബന്ധപ്പെട്ട), ഇൻഡസ്ട്രിയൽ മൈക്രോബയോളജി, മൈക്രോബിയൽ ജനറ്റിക്സ്, മൈക്കോളജി (ഫംഗസുകളുമായി ബന്ധപ്പെട്ട), നെമറ്റോളജി (പുഴുക്കളുമായി ബന്ധപ്പെട്ട), പാരസിറ്റോളജി (പരോപജീവികളുമായി ബന്ധപ്പെട്ട), ഫൈക്കോളജി (ആൽഗെകളുമായി ബന്ധപ്പെട്ട), വൈറോളജി (വൈറസുകളുമായി ബന്ധപ്പെട്ട) തുടങ്ങി ധാരാളം ശാഖകൾ. അഗ്രികൾചറൽ, സെല്ലുലാർ, നാനോ, ഫുഡ്, മെഡിക്കൽ, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ, എൻവയൺമെന്റൽ തുടങ്ങി വേറെയുമുണ്ട് വിഭജനം.
അവസരങ്ങൾ ധാരാളം
∙മെഡിക്കൽ/ഫാർമസ്യൂട്ടിക്കൽ: രോഗാണുപ്രവർത്തനം, രോഗപ്രതിരോധം, രോഗചികിത്സ, വൈറസ് നിർമാണം.
∙ഇൻഡസ്ട്രിയൽ: ഭക്ഷ്യപാനീയങ്ങളുടെ സുരക്ഷാപരിശോധന, പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കൽ, ഫുഡ് പ്രോസസിങ്
∙എൻവയോൺമെന്റൽ: പരിസ്ഥിതിസംരക്ഷണം, മാലിന്യ റീസൈക്ലിങ്ങും നശീകരണവും
∙അധ്യാപനം
∙ഗവേഷണം: ഏറ്റവും പ്രധാനമേഖല. മൈക്രോബ് പ്രവർത്തനമുളള സമസ്തമേഖലകളിലും നിരന്തര ഗവേഷണം ആവശ്യമാണ്.
ഗവേഷണം കരിയറാക്കാൻ ഉറച്ചവർക്കാണ് ഈ ശാഖ യോജിക്കുക. ബിഎസ്‌സിയോ എംഎസ്‌സിയോ ജയിക്കുന്നവരുടെ ഉയർച്ചയ്ക്കു പരിമിതികളുണ്ട്. എംഡി മൈക്രോബയോളജി ജയിച്ചവരുമായി മത്സരിക്കാൻ ഇവർക്കു കഴിഞ്ഞെന്നുവരില്ല. പിഎച്ച്ഡി നേടി ഇഷ്ടപ്പെട്ട വിശേഷശാഖയിലെ സയന്റിസ്റ്റായി പ്രവർത്തിക്കാൻ ആകർഷകമായ പ്രഫഷനൽ മേഖലയാണ്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി തുടങ്ങിയ വിഷയങ്ങളെപ്പോലെ അധ്യാപകജോലിക്കു മൈക്രോബയോളജി അവസരമൊരുക്കുന്നില്ല.