കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍(M Sivasankar) അടക്കം 29 പേരാണ് പ്രതികൾ. മൂവായിരം പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് തയാറാക്കിയത്. സരിത്ത് ആണ് കേസില്‍ ഒന്നാം പ്രതി. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടും എം ശിവശങ്കര്‍ മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇത് എൻഐഎ കണ്ടെത്തലിന് വിരുദ്ധമാണ്. അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളല്ല. 21 തവണയായി 169 കിലോ സ്വര്‍ണം കടത്തി. രണ്ടു തവണത്തെ ട്രയലിന് ശേഷം നിക്ഷേപകരെ കണ്ടെത്തി. കടത്ത് സ്വര്‍ണം ആഭരണങ്ങളാക്കിയതിനാല്‍ മുഴുവന്‍ കണ്ടെത്താനായില്ല എന്നും കുറ്റപത്രത്തിൽ പറയുന്നു.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികടിയത്. ഇതില്‍ പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദമായ കേസില്‍ പിന്നീട് അന്വേഷണം എങ്ങുമെത്താതെ പോവുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന്(Swapna Suresh)എതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു.