തിരുവനന്തപുരം: ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന അമ്മയുടെ പരാതിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്. അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് അക്ഷന്തവ്യമായ തെറ്റാണ്. കുഞ്ഞിനെ ചേർത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്.
പോലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങൾക്കെതിരെ അമ്മ ഉയർത്തുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവർ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാൻ ഒന്നും ചെയ്തില്ല. ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് അവസാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലർത്താൻ വരട്ടെ,ആദ്യം കുഞ്ഞിനെ കാണാനില്ല എന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണം എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.