കോഴിക്കോട്: അഡ്വ. കെ ജയന്തിനെ(K Jayanth) കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിൽ കോഴിക്കോട്ടെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്(T Siddique) ഉൾപ്പടെയുള്ളവരുടെ എതിർപ്പ് മറികടന്നാണ് കെ സുധാകരൻ(K Sudhakaran) തൻ്റെ വിശ്വസ്തനെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് സൂചന. വടക്കൻ കേരളത്തിൻ്റെ ചുമതലയുളള എഐസിസി സെക്രട്ടറി പി വി മോഹനും(P V Mohanan) ജയന്തിന് സ്ഥാനം നൽകരുതെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. മുന്നണിയിൽ തിരിച്ചെത്തിയ കേരള കോൺഗ്രസ് എമ്മിന്(Kerala Congress (M)) രാജ്യസഭ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് മൂന്ന് വർഷം മുമ്പ് ജയന്ത് കെ പി സി സി സെക്രട്ടറി സ്ഥാനം രാജിവച്ചത്.
അന്നു മുതൽ സംഘടന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്ന ജയന്ത് ലോക്സഭ തിരഞ്ഞെടുപ്പിലോ പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ പാർട്ടിക്കായി ഇറങ്ങിയിട്ടില്ലന്നാണ് നേതാക്കളുടെ ആക്ഷേപം. നിയമസഭ തിരഞ്ഞെടുപ്പിൽ പേരിന് വേണ്ടി മാത്രം കളത്തിലിറങ്ങി. കൽപറ്റയിൽ ടി സിദ്ദിഖിനെ പരാജയപ്പെടുത്താൻ ശ്രമിച്ചതായും ആക്ഷേപം ഉയർന്നിരുന്നു. കെ സുധാകരൻ കെപിസിസി പ്രസിഡന്റായതിന് ശേഷമാണ് ജയന്ത് സജീവമായതെന്നും നേതാക്കൾ പറയുന്നു. പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പിനെതിരെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ അടുത്തിടെ നടത്തിയ ധർണയിൽ ജയന്തിനെ പ്രസംഗിക്കാൻ ക്ഷണിച്ചത് പാർട്ടിക്കുള്ളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ജയന്തിനെ ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ രാഹുൽ ഗാന്ധിക്ക്(Rahul Gandhi) കത്തയച്ചിരുന്നു. ജയന്തിന് സ്ഥാനം നൽകുന്നത് പാർട്ടിക്കുള്ളിലെ നല്ല അന്തരീക്ഷം ഇല്ലാതാക്കുമെന്ന് വടക്കൻ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനും ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. പുനസംഘടന സംബന്ധിച്ച ചർച്ചകൾക്കിടെ വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് ജയന്തിൻ്റെ പേരിനെ ശക്തമായി എതിർത്തിരുന്നു. ഇതെല്ലാം മറികടന്നാണ് സുധാകരൻ തൻ്റെ വിശ്വസ്തനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.