തിരുവനന്തപുരം∙ വിവാഹത്തിനു മുൻപു ജനിച്ച കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്ത് നൽകിയ സംഭവത്തിൽ തുടക്കം മുതൽ ആസൂത്രിത നീക്കങ്ങൾ നടന്നുവെന്നു സൂചന. കവടിയാർ സ്വദേശി ബി.അജിത്കുമാറുമായുള്ള ബന്ധത്തിൽ അനുപമ ഗർഭം ധരിച്ചത് അനുപമയുടെ വീട്ടുകാർ അറിഞ്ഞത് എട്ടുമാസം ഗർഭിണിയായിരിക്കെയാണ്. കുഞ്ഞിനു വളർച്ചയില്ലെന്നു തെറ്റിദ്ധരിപ്പിച്ചു ഗർഭഛിദ്രം നടത്താനുള്ള ശ്രമം പാളിയപ്പോഴാണ്, ശിശുക്ഷേമസമിതിയിൽ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ആസൂത്രണം നടത്തിയതെന്ന് അനുപമ ആരോപിക്കുന്നു.ഒരമ്മയ്ക്കും സംഭവിക്കാൻ പാടില്ലാത്തതാണ് അനുപമക്ക് സംഭവിച്ചത് .
ശസ്ത്രക്രിയയിലൂടെയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. ഇതിന് ഒരാഴ്ച മുൻപാണു മുദ്രപ്പത്രത്തിൽ നിർബന്ധിച്ചു തന്റെ വിരലടയാളം പതിച്ചത്. ‘കുഞ്ഞിനെ നോക്കാൻ എനിക്കു പ്രാപ്തിയില്ലാത്തതിനാൽ ശിശുക്ഷേമസമിതിയെ ഏൽപിക്കാൻ സമ്മതമാണെന്നും ഒരിക്കലും തിരികെച്ചോദിക്കില്ലെന്നു’മാണു മുദ്രപ്പത്രത്തിൽ എഴുതിയിരുന്നതെന്ന് അനുപമ പറയുന്നു. ഇതു വായിച്ചു നോക്കാൻ അനുവദിച്ചില്ല. സഹോദരിയുടെ വിവാഹ ആവശ്യത്തിനു സ്ഥലം വിൽക്കാനുള്ള സമ്മതപത്രം എന്നാണു തെറ്റിദ്ധരിപ്പിച്ചത്.
സംശയം തോന്നിയെങ്കിലും, മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ വിരലടയാളം പതിച്ചു. പിന്നീട് രണ്ടുമാസം മുൻപ് അസി.കമ്മിഷണർ ഓഫിസിൽ വച്ചാണ് ഈ രേഖയുടെ ഉള്ളടക്കം വായിച്ചത്. ഭാവിയിൽ താൻ കുഞ്ഞിനെ ആവശ്യപ്പെട്ടു പ്രശ്നമുണ്ടാക്കിയാൽ പ്രതിരോധിക്കാൻ വേണ്ടിയാണ് ഇത്തരമൊരു വ്യാജരേഖയുണ്ടാക്കിയത്. എന്നാൽ പൊലീസിനു മുൻപിലല്ലാതെ, മറ്റൊരിടത്തും മാതാപിതാക്കൾ ഈ രേഖ സമർപ്പിച്ചിട്ടില്ലെന്ന് അനുപമ പറയുന്നു.
കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു കൈമാറിയത് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് എന്നു വരുത്തിത്തീർത്തായതിനാൽ അവിടെ ഈ രേഖ ആവശ്യമായിരുന്നില്ല. 2020 ഒക്ടോബർ 22നു ശിശുക്ഷേമസമിതിക്കു ലഭിച്ചത് ആൺകുഞ്ഞിനെയാണെങ്കിലും വൈദ്യചികിത്സയ്ക്കായി തൈക്കാട് ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി രേഖകളിൽ ‘പെൺകുട്ടി’യായി. ഇക്കാര്യം പുറത്തറിഞ്ഞപ്പോൾ ജീവനക്കാർക്കു സംഭവിച്ച ‘അബദ്ധം’ എന്നായിരുന്നു ശിശുക്ഷേമസമിതിയുടെ നിലപാട്. രേഖകളിൽ ആൺകുഞ്ഞ് എന്നു തിരുത്തുകയും ചെയ്തു. ഇത് ആസൂത്രിതമായിരുന്നുവെന്ന് ഇപ്പോൾ അനുപമ സംശയിക്കുന്നു.
ദത്തെടുക്കലിനു നിയമസാധുത ലഭിക്കാൻ സമിതി പത്രപ്പരസ്യം നൽകിയിരുന്നു. എന്നാൽ ഇതു കണ്ണിൽപെടാതിരിക്കാൻ എന്ന വണ്ണം മാതാപിതാക്കൾ അനുപമയെ തൊടുപുഴയിലെ ബന്ധുവീട്ടിലേക്കു മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചതു മനസിലാക്കിയശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ അനുപമ പരാതിയുമായെത്തിയപ്പോഴും ചില ‘തിരിമറികൾ’ നടന്നു. കൂടിക്കാഴ്ചയ്ക്കു സമയം നൽകിയെങ്കിലും പിന്നീട് ഫോണിൽ വിളിച്ച് ‘വരേണ്ട’ എന്നറിയിച്ചു. മാതാപിതാക്കൾ തന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ നൽകിയതറിഞ്ഞ് ഓഗസ്റ്റ് 11ന് അനുപമ ഇവിടെ എത്തിയിരുന്നു. എന്നാൽ ഓഗസ്റ്റ് ഏഴിനു കുഞ്ഞിനെ ദത്ത് നൽകി.
ഇക്കാര്യം അറിയാതെ എത്തിയ അനുപമ കണ്ടതു മറ്റൊരു കുഞ്ഞിനെയാണ്. മൂന്നുദിവസം മാത്രമാണു കുഞ്ഞ് തനിക്കൊപ്പമുണ്ടായിരുന്നത് എന്നതിനാൽ, കണ്ടതു തന്റെ കുഞ്ഞല്ല എന്നുറപ്പിക്കാൻ അനുപമയ്ക്കായില്ല. ഡിഎൻഎ പരിശോധന നടത്താൻ അന്നു തന്നെ സിഡബ്ല്യൂസിയുടെ അനുമതി തേടിയെങ്കിലും ഒന്നരമാസത്തിനുശേഷം സെപ്റ്റംബർ 30നാണു സമയം ലഭിച്ചത്. ആ കുഞ്ഞ് അനുപമയുടേതല്ലെന്നായിരുന്നു പരിശോധനാഫലം. ഇതോടെ തന്റെ കുഞ്ഞിനെ കണ്ടെത്തി നൽകണമെന്നപേക്ഷിച്ചു പുതിയ ഡിജിപി അനിൽകാന്തിന് അനുപമ പരാതി നൽകി. തുടർന്നു മാധ്യമങ്ങളെയും സമീപിച്ചു.