കൊച്ചി: മോൻസൻ മാവുങ്കൽ(Monson Mavunkal) വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നതായി യുവതിയുടെ മൊഴി. മോൻസനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഉന്നതർ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
മോൻസൻ മാവുങ്കലിൻ്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്. സൗന്ദര്യ വർധക ചികിത്സയും മസാജിങ്ങുമാണ് ഇവിടെ നടന്നിരുന്നത്. ഈ ചികിത്സാ കേന്ദ്രത്തിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായാണ് പെൺകുട്ടി പറയുന്നത്. മോൻസൻ്റെ ചികിത്സതേടി എത്തിയവർ പലരും ക്യാമറയിൽ പെട്ടിട്ടുണ്ട്. ഇതിൽ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോൻസൻ കൊടികൾ തിരിച്ചു നൽകാൻ ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതി നൽകാത്തത്. മസാജ് സെന്ററിൽ പരിശോധനനടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. ഫോറൻസിക്ക് വിഭാഗവും പരിശോധനയ്ക്ക് എത്തി.