തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്ക്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും.
റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്ബി ബാങ്ക് ജീവനക്കാർ പണിമുടക്കുകയാണ്. മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. നാളെ പണിമുടക്കും അടുത്ത ദിവസം നാലാം ശനിയാഴ്ചയും തുടർന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്.